കോഴിക്കോട്- പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാതെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോഴിക്കോട് കോടഞ്ചേരിയിലെ മര്‍ക്കസ് നോളജ് സിറ്റി സന്ദര്‍ശിച്ചതിനെച്ചൊല്ലി സിപിഐയില്‍ വിവാദം. നോളജ് സിറ്റി നിര്‍മാണത്തിനായി തോട്ടഭൂമി തരംമാറ്റിയതു സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തി വരവെയാണ് കാനം നോളജ് സിറ്റിയിലെത്തിയത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോഴിക്കോട്ടെത്തിയ കാനം രാജേന്ദ്രന്‍ വെളളിയാഴ്ച രാവിലെ സിപിഐ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു വിവരം. കാനം പങ്കെടുക്കുന്ന യോഗത്തിനായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യന്‍ മൊകേരിയും സിഎന്‍ ചന്ദ്രനുമെത്തി. എന്നാല്‍ കാനം നേരെ പോയത് കോടഞ്ചേരി വില്ലേജില്‍ കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന നോളജ് സിറ്റിയിലേക്ക് ആണ്. നോളജ് സിറ്റിക്കായി തോട്ടഭൂമി തരം മാറ്റിയതു സംബന്ധിച്ച് ജില്ലാ കലെക്ടര്‍ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നതിനിടെ കാനം ഇവിടെ സന്ദര്‍ശിക്കുന്നതില്‍ സിപിഐ പ്രാദേശിക ഘടങ്ങള്‍ എതിര്‍പ്പറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കാനത്തോട് ചോദിച്ചപ്പോള്‍ സന്ദര്‍ശന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ ഇതിന് മണിക്കൂറുകള്‍ക്കകമാണ് നോളജ് സിറ്റി അധികൃതര്‍ അയച്ച കാറില്‍ കയറി കാനം ചടങ്ങിനെത്തിയത്.
മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിലെ അവാര്‍ഡ് ദാന ചടങ്ങിലാണ് കാനം പങ്കെടുത്തത്. ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ നോളജ് സിറ്റി അധികൃതര്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. തിരികെയെത്തിയ കാനം നേരെ തിരുവനന്തപുരത്തേക്ക് മടങ്ങി. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായുളള പ്രധാന യോഗം ഒഴിവാക്കി, റവന്യൂ വകുപ്പിന്റെ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സന്ദര്‍ശനം നടത്തിയത് കടുത്ത അമര്‍ഷമാണ് പ്രാദേശിക നേതാക്കള്‍ അറിയിക്കുന്നത്.