റിയാദ് - കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഹജിന് അനുമതി നല്‍കുന്നത് അനിശ്ചിതത്വത്തിലാണെന്നും ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഹജിന് അനുമതി ലഭിക്കുമെങ്കില്‍ ഇന്ത്യക്കാര്‍ക്കും ലഭിക്കും. എന്നാല്‍ അത് സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ലെന്നും അംബാസഡര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷവും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഹജിന് അനുമതി ലഭിച്ചിരുന്നില്ല. ഒമിക്രോണ്‍ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൗദിയിലും വിദേശരാജ്യങ്ങളിലും പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ ഈ വര്‍ഷവും വിദേശത്ത് നിന്നുള്ള ഹാജിമാരുടെ വരവിനെ കുറിച്ച് സൗദി അധികൃതരും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും സൗദിയില്‍ നിന്നുള്ളവര്‍ക്കായിരുന്നു ഹജിന് അനുമതിയുണ്ടായിരുന്നത്.






