Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധി വിദേശത്ത്, പഞ്ചാബിലെ റാലി മാറ്റിവച്ചു; കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

ചണ്ഡീഗഢ്- പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ മോംഗയില്‍ ജനുവരി മൂന്നിന് നടത്തുമെന്ന് പ്രഖ്യാപിച്ച വന്‍ പ്രചരണ റാലി മാറ്റിവച്ചു. രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ വ്യക്തിപരമായ ആവശ്യത്തിന് വിദേശത്തേക്ക് പോയതിനാലാണ് റാലി മാറ്റിവച്ചത്. ഇത് സംസ്ഥാന കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിക്ക് കാരണമായി. തിരിച്ചെത്തിയ ശേഷം പഞ്ചാബില്‍ ജനുവരി 15നും ഗോവയില്‍ 16നും കോണ്‍ഗ്രസ് റാലികളില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.

ഉള്‍പ്പാര്‍ട്ടി പോര് നിലനില്‍ക്കുന്ന പഞ്ചാബില്‍ മോംഗ റാലി വലിയ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. ഇടഞ്ഞു നില്‍ക്കുന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവ്‌ജോത് സിദ്ദുവിനേയും മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിയേയും അഭിപ്രായ ഭിന്നതകളുള്ള മറ്റു നേതാക്കളേയും ഒരേ വേദിയില്‍ രാഹുല്‍ അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഒരു നേതാവ് പറഞ്ഞു. രാഹുലിന്റെ അഭാവത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതിലും കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്. 

നവംബറില്‍ മൂന്ന് ആഴ്ച ഒരു വിദേശ രാജ്യത്ത് ചെലവിട്ട് തിരിച്ചെത്തിയതായിരുന്നു രാഹുല്‍. കോണ്‍ഗ്രസിന്റെ 137ാം സ്ഥാപക ദിന പരിപാടി കഴിഞ്ഞയുടന്‍ ബുധനാഴ്ചയാണ് രാഹുല്‍ പോയതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രായമായ തന്റെ മുത്തശ്ശിയോടൊപ്പം പുതുവര്‍ഷം ആഘോഷിക്കാനാണ് രാഹുല്‍ പോയതെന്നും പറയപ്പെടുന്നു. രാഹുല്‍ വ്യക്തിപരമായ വിദേശ യാത്രയിലാണെന്നും ബിജെപി അഭ്യൂഹങ്ങള്‍ പരത്തരുതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല നേരത്തെ പ്രതികരിച്ചിരുന്നു.

Latest News