സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കുന്നു: പിണറായി

പാലക്കാട്- സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. കോണ്‍ഗ്രസും ബിജെപിയും ജമാ അത്തെ ഇസ്‌ലാമിയും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ നീക്കം നടത്തുന്നു. സര്‍ക്കാരിന്റെ വികസന ഇടപെടലാണ് ഇതിന് കാരണം. പ്രധാന പദ്ധതികളെ തടസപ്പെടുത്താന്‍ നീക്കം നടക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ബി ജെ പിയുടെ ബി ടീമായി മാറുന്നു. യോജിച്ച പ്രവര്‍ത്തനത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ല. വികസനം ഇപ്പോള്‍ വേണ്ട എന്നാണ് നിലപാട്. രാഷ്ട്രീയ വിരോധം വച്ചാണ് ഈ നിലപാടുകള്‍ അവര്‍ സ്വീകരിക്കുന്നത്. എല്ലാം എതിര്‍ക്കുന്നത് ജനം അംഗീകരിക്കില്ല. വികസനപദ്ധതികള്‍ സര്‍ക്കാര്‍ നിറവേറ്റും.
മുസ്‌ലിം ലീഗ് വര്‍ഗീയമായി കാര്യങ്ങള്‍ കൊണ്ടുപോകുന്നു. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിക രാഷ്ട്രവാദികളാണ്. അത് മറച്ച് വെച്ച് പാരിസ്ഥിതിക വിഷയങ്ങള്‍ പറയുന്നു. കേരളത്തില്‍ വലിയ ക്രിസ്ത്യന്‍ സ്‌നേഹവുമായി ചുറ്റിത്തിരിയുന്ന സംഘ പരിവാര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു. ക്രിസ്തുമസ്സ് കാലത്ത് ക്രിസ്ത്യാനികള്‍ക്കു നേരെ സംഘ പരിവാര്‍ ആക്രമണമുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ വര്‍ഗ്ഗീയവത്കരിക്കുന്നു. വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നത്. മതാടിസ്ഥാനത്തില്‍ പൗരത്വ ഭേദഗതി കൊണ്ടുവരുന്നു. പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യം തകര്‍ക്കാന്‍ നോക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട്ട് സിപിഎം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

Latest News