Sorry, you need to enable JavaScript to visit this website.

കോടതി വിധിച്ചാലും ഭര്‍ത്താവിനൊപ്പം കഴിയാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി

ഗാന്ധിനഗര്‍- കോടതി വിധിയുണ്ടെങ്കില്‍ പോലും ഭാര്യയെ ഭര്‍ത്താവിനൊപ്പം കഴിയാനും വൈവാഹിക അവകാശങ്ങള്‍ സ്ഥാപിക്കാനും നിര്‍ബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭര്‍തൃവീട്ടിലേക്ക് മടങ്ങിപ്പോകണമെന്നും വൈവാഹിക കടമകള്‍ നിറവേറ്റണമെന്നും യുവതിയോട്് നിര്‍ദേശിച്ച ബനസ്‌കന്ദയിലെ കുടുംബ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ജൂലൈയിലാണ് കുടുംബ കോടതിയുടെ ഈ വിധി വന്നത്. ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

വൈവാഹിക അവകാശങ്ങള്‍ ഭര്‍ത്താവിന്റെ അവകാശങ്ങളെ മാത്രം കണക്കിലെടുത്ത് പുനസ്ഥാപിക്കാനാകില്ലെന്നും ഭര്‍ത്താവിനൊപ്പം കഴിയാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്നില്‍ തുല്യനീതിയുണ്ടോ എന്ന് കുടുംബ കോടതി പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, നിരള്‍ മേത്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇന്ത്യയില്‍ നടപ്പിലുള്ള മുസ്ലിം വ്യക്തി നിയമം ബഹുഭാര്യത്വത്തെ അനുവദിക്കാവുന്ന ഒരു സ്ഥാപനമായിട്ടാണ് പരിഗണിക്കുന്നത്, എന്നാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഭര്‍ത്താവുമായുള്ള തന്റെ സഹചബന്ധം മറ്റൊരു സ്ത്രീയുമായി പങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനുള്ള മൗലികാവകാശം ഭര്‍ത്താവിന് ഒരു സാഹചര്യത്തിലും നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 

ബനസ്‌കന്ദ ജില്ലയിലെ പലന്‍പൂരില്‍ 2010 മേയ് 25ന് ആയിരുന്നു ഈ ദമ്പതികളുടെ വിവാഹം. 2015ല്‍ ഇവര്‍ക്കൊരു മകനും പിറന്നു. ഒരു സിവില്‍ ആശുപത്രിയില്‍ നഴ്‌സായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനും അവിടെ ഒരു ജോലി കണ്ടെത്താനും നിര്‍ബന്ധിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. യുവതിക്ക് ഓസ്‌ട്രേലിയയിലേക്കു പോകാന്‍ താല്‍പര്യം ഇല്ലായിരുന്നു. നിര്‍ബന്ധം സഹിക്കാനാകാതെ വന്നതോടെ യുവതി മകനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയി. ഇതോടെ അനുനയിപ്പിച്ച് തിരികെ വീട്ടിലെത്തിക്കാന്‍ ഭര്‍ത്താവ് നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. പിന്നീട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബ കോടതി യുവതിയോട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങാന്‍ ഉത്തരവിട്ടു. ഈ ഘട്ടത്തിലാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
 

Latest News