എല്‍.ഐ.സി ഏജന്റിന്റെ മരണം കൊലപാതകം, സുഹൃത്ത് പിടിയില്‍

തിരുവനന്തപുരം- ട്രെയിന്‍ തട്ടി എല്‍.ഐ.സി ഏജന്റ് മരണപ്പെട്ടത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. വക്കം രണ്ടാം ഗേറ്റിന് സമീപം ഏറല്‍ വീട്ടില്‍ 53 കാരിയായ ജെസ്സിയുടെ മരണമാണ് ആസൂത്രിത കൊലപാതകം ആണെന്ന് കടയ്ക്കാവൂര്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് ജെസ്സിയുടെ സുഹൃത്തായ മോഹനന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റെയില്‍വേ ട്രാക്കില്‍വെച്ച് ജെസ്സിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചതാണെന്നാണ് പോലീസ് കണ്ടെത്തിയത്.

ജെസ്സി എല്‍.ഐ.സി ഏജന്റ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജെസ്സിയെ കാണാനില്ലെന്ന് വീട്ടുകാര്‍ കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 18 ന് പരാതി നല്‍കിയിരുന്നു. അന്ന് രാത്രി 10.30ഓടെ ആണ് വര്‍ക്കല അയന്തി പാലത്തിന് സമീപം ഇവരുടെ മൃതദേഹം ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്. ജെസ്സി തന്നെയാണ് മരണപ്പെട്ടത് എന്ന് പോലീസ് സ്ഥിരീകരിക്കുകയും പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനയിലേക്ക് പോലീസ് നീങ്ങുകയായിരുന്നു. ജെസ്സി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒന്നും ശരീരത്തില്‍ ഇല്ലായിരുന്നു. പോലീസ് അന്വേഷണത്തില്‍ അയന്തി പാലത്തിന് സമീപം ഒരു ഓട്ടോറിക്ഷയില്‍ ഇവര്‍ സഞ്ചരിച്ചതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സമീപവാസിയും സുഹൃത്തുമായ മോഹനനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

 

Latest News