കുന്നംകുളം- പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയെട്ടുകാരന് മൂന്ന് ജീവപര്യന്തംതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്. കേസിന്റെ വിചാരണവേളയില്‍ 25 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം അടക്കം 23 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു.
2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മീന്‍ കച്ചവടക്കാരനായ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ മീന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെയാണ് വീട്ടിനകത്തേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പീഡനവിവരം വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. വാടാനാപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.