Sorry, you need to enable JavaScript to visit this website.

വിസ്മയയുടെ കൊലപാതകം: പ്രതിയായ സഹോദരിയെ പോലീസ് തിരിച്ചറിയാതെ അഭയകേന്ദ്രത്തിലെത്തിച്ചു, ഒടുക്കം അറസ്റ്റ്

കൊച്ചി- പറവൂർ വിസ്മയ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ജിത്തു (22) നാടകീയമായി അറസ്റ്റിലായി. എറണാകുളം മേനക ജംഗ്ഷനിൽ രാത്രിയിൽ അലഞ്ഞു നടക്കുന്നതു കണ്ട് മാനസിക രോഗിയാണെന്ന് കരുതി കാക്കനാടെ തെരുവോരം മുരുകന്റെ അഭയകേന്ദ്രത്തിൽ പോലീസ് എത്തിച്ച ഇവരെ ഇന്നലെ പറവൂർ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ എത്തി ിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വഴക്കിനിടയിൽ കത്തികൊണ്ട് വിസ്മയയെ കുത്തുകയായിരുന്നെന്ന് ജിത്തു പോലീസിന് മൊഴി നൽകി. മരിച്ചുവെന്ന് തോന്നിയതിനാലാണ്് തീകൊളുത്തിയതെന്നും കുറ്റകൃത്യത്തിന് തനിക്കാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു പറഞ്ഞു.
നൈറ്റ് പട്രോളിംഗ്് സംഘമാണ് സംശയകരമായി കണ്ട ജിത്തുവിനെ കാക്കനാട് എത്തിച്ചത്.  ലക്ഷദ്വീപ് സ്വദേശിനിയാണെന്നാണ് ഇവർ പോലീസിനും അഭയകേന്ദ്രത്തിലും സ്വയം പരിചയപ്പെടുത്തിയത്. കൈയ്യിൽ മുറിവേറ്റ ഭാഗം മരുന്നു വെച്ച് ഡ്രസ് ചെയ്ത നിലയിലായിരുന്നു. എന്നിട്ടും പറവൂർ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ജിത്തുവാണതെന്ന് ആർക്കും സംശയം തോന്നിയില്ല. തലമൊട്ടയടിച്ച് തൊപ്പിയും മാസ്‌കും ധരിച്ചിരുന്നതിനാലാണ് ഇവരെ തിരിച്ചറിയാൻ പോലീസിന് കഴിയാതെ പോയത്.  പിന്നീട് ലക്ഷദ്വീപ് പോലീസെത്തി ജിത്തുവിന്റെ മൊഴിയെടുത്തു. ഇവർ നൽകിയ വിവരമനുസരിച്ച് ലക്ഷദ്വീപ് സ്വദേശിയായ ഒരാളെ ഇവിടെ എത്തിക്കുകയും ചെയ്തു. എന്നാൽ ഇവർ പറയുന്നത് മുഴുവൻ കള്ളമാണെന്ന് പോലീസിനും അഭയകേന്ദ്രത്തിലുള്ളവർക്കും മനസ്സിലായി.  ഇതോടെ അഭയകേന്ദ്രത്തിലെ സുരക്ഷിതമായ മുറിയിലേക്ക് ഇവരെ മാറ്റി. യുവതിയുടെ മൊഴി കളവാണെന്ന വിവരം ലക്ഷദ്വീപ് പോലീസ് സിറ്റി പോലീസിനെ അറിയിച്ചു. ഇതിനിടെ റൂറൽ പോലീസ് ജിത്തുവിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയതോടെ സിറ്റി പോലീസിനും സംശയമമായി. ഇവർ വിവരം പറവൂർ പോലീസിനെ അറിയിച്ചു. വൈകീട്ട് വൈകീട്ട് അഞ്ചരയോടെ പറവൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ തിരിച്ചറിയുകയായിരുന്നു. കൊലപാതകത്തിന് ശേഷം വൈപ്പിൻ വഴി എറാകുളത്ത് എത്തിയ ജിത്തു ഒരു സ്വകാര്യ ആശുപത്രിയിലാണ് കൈയിലെ മുറിവ് വെച്ചു കെട്ടിയത്. പാലാരിവട്ടത്തുള്ള കാമുകനെ കാണാനാണ് വന്നതെന്നും ഇയാൾ ഇതരസംസ്ഥാന തൊഴിലാളിയാണെന്നും ജിത്തു അഭയകേന്ദ്രത്തിലുള്ളവരോട് പറഞ്ഞിരുന്നു. വരാപ്പൂഴ സ്റ്റേഷനിലെത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്തു. മാനോരോഗ വിദഗ്ധരുടെ സഹായത്തോടെ ഇവരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയയാക്കാനാണ് പോലീസ് ആലോചിക്കുന്നത്.
പറവൂർ പെരുവാരം പനോരമ നഗറിൽ ശിവാനന്ദന്റെയും ജിജിയുടെയും മകളായ വിസ്മയയെ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. സംഭവത്തിന് ശേഷം ജിത്തു വീടിന് സമീപത്തെ സി മാധവൻ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ എത്തുമ്പോൾ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തിൽ വീടിൻറെ പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവൻ റോഡിലെത്തിയതെന്ന് പൊലീസ് കരുതുന്നു. ഇവിടെ നിന്നും ബസ്സിൽ എറണാകുളത്തെത്തിയെന്നും കണ്ടെത്തി. ഇതിന് ശേഷം ജിത്തുവിന് എന്ത് സംഭവിച്ചെന്ന ഒരു സൂചനയും പൊലീസിനില്ല. ഏറ്റവും ഒടുവിൽ ടവർ ലൊക്കേഷൻ ലഭിച്ചത് വൈപ്പിൻ എടവനക്കാട് വെച്ചാണ്. പിന്നീട് ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായി. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കാണാതായിരുന്നു. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജിത്തു കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായും റിപ്പോർട്ടുണ്ട്. ഒരാഴ്ച മുൻപ് ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ടശേഷം ജിത്തു വീട്ടിൽനിന്ന് ഇറങ്ങിപ്പോയതായും അയൽവാസികൾ പറഞ്ഞു.


 

Latest News