ലഖ്നൗ- ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 18-കാരിയെ അജ്ഞാതര്‍ ജീവനോടെ തീയിട്ടു കൊലപ്പെടുത്തി. വീട്ടില്‍നിന്ന് സൈക്കിളില്‍ ആഴ്ച ചന്തയിലേക്ക് പച്ചക്കറി വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ കൗമാരക്കാരിയുടെ പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെടുത്തത്. ആക്രമികള്‍ പെട്രാള്‍ ഉപയോഗിച്ച് തീകൊളുത്തിയതാകാമെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ തൊട്ടടുത്തുനിന്ന് സൈക്കിളും വസ്ത്രവും ചെരിപ്പുകളും കണ്ടെടുത്തു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ താമസിയാതെ കൊല്ലപ്പെടുകയും ചെയ്തു.
പെണ്‍കുട്ടിയെ ജീവനോടെ കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക തെളിവുകള്‍ നല്‍കുന്ന സൂചനയെന്ന് പോലീസ് പറഞ്ഞു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ സ്ഥിരീകരിക്കാനാകൂ എന്നും പോലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും പോലീസിനു സൂചനയൊന്നും ലഭിച്ചിട്ടില്ല.






