ന്യൂദല്‍ഹി- കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഇന്ത്യയില്‍ എത്തി ആറാം ദിവസം അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആശ്ലേഷം. ദല്‍ഹിയിലെത്തിയ ട്രൂഡോയെ മോഡി ആലിംഗനം ചെയ്ത് വരവേറ്റു. ഇരുനേതാക്കളും ഇന്ന് കൂടിക്കാഴ്ച നടത്തും.
ട്രൂഡോയ്ക്കും കുടുംബത്തിനും ഇന്ത്യയില്‍ സന്തോഷകരമായ ദിവസങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോഡി ട്വീറ്റ് ചെയ്തു. 2015 ല്‍ അദ്ദേഹം കാനഡ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്രൂഡോയെ സ്വാഗതം ചെയ്തുകൊണ്ട് ആദ്യ ദിനങ്ങളില്‍ ഒരു ട്വീറ്റ് പോലും നരേന്ദ്ര മോഡിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ഉണ്ടായില്ല.
ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ വ്യാപാരം, പ്രതിരോധം, ആണവ സഹകരണം, ബഹിരാകാശ-വിദ്യാഭ്യാസ സഹകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച ചര്‍ച്ച നടത്തും.
ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇന്ത്യയില്‍ തണുപ്പന്‍ സ്വീകരണമാണെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രോട്ടോകോള്‍ പോലും ലംഘിച്ച് സന്ദര്‍ശകരായ നേതാക്കളെ ആലിംഗനം ചെയ്യാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത് ആറാം ദിവസമാണ്.
ഈ മാസം 17നു ദല്‍ഹി വിമാനത്താവളത്തില്‍ കൃഷി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് ട്രൂഡോയെ സ്വീകരിച്ചത്. സിഖ് ദേശീയവാദികളെ കാനഡ പിന്തുണയ്ക്കുന്നതിലെ എതിര്‍പ്പാണ് കേന്ദ്ര സര്‍ക്കാരിന്റെ തണുപ്പന്‍ നിലപാടിനു കാരണമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
അതേസമയം ജസ്റ്റിന്‍ ട്രൂഡോയെ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ലോക നേതാക്കള്‍ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ പാലിക്കാറുള്ള സ്വാഭാവിക പ്രോട്ടോക്കോള്‍ നടപടികള്‍ പാലിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.






