ജയ്പൂര്‍- രാജസ്ഥാനിലെ രണ്ട് ബിജെപി എംഎല്‍എമാരുടെ മരണം മറ്റു എംഎല്‍എമാരെ ആശങ്കയിലാക്കി. 2001-ല്‍ പണികഴിപ്പിച്ച സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ പ്രേതബാധയുണ്ടെന്നാണ് ബിജെപി എംഎല്‍മാരുടെ സംശയം. ശ്മശാനം നിലനിന്നിരുന്ന സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും ഇവിടെ പ്രേതങ്ങളുടെ സ്വാധീനം ശക്തമാണെന്നും പറഞ്ഞാണ് ഉടന്‍ ഹോമവും യജ്ഞവും അടക്കമുള്ള പരിഹാര ക്രിയകള്‍ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹോമം നടത്തണമെന്ന് മുഖ്യമന്ത്രി വസുന്ദര രാജെ സിന്ധ്യയോട് ആവശ്യപ്പെട്ടതായി ബിജെപി എംഎല്‍എ ഹബീബുര്‍റഹ്മാന്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടു ബിജെപി അംഗങ്ങള്‍ മരിച്ചതോടെ മറ്റു എംഎല്‍എമാര്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് ചീഫ് വിപ്പ് കലുലാല്‍ ഗുര്‍ജാറും പറഞ്ഞു. സെക്രട്ടേറിയറ്റ് കെട്ടിടത്തിന് സമീപം ഇപ്പോഴും ഒരു ശ്മശാനമുണ്ട്.
ബിജെപി എംഎല്‍എ കല്യാണ്‍ സിങ് ബുധനാഴ്ച മരിച്ചതോടെയാണ് ഹോമം വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തിയത്. മറ്റൊരു എംഎല്‍എ കിര്‍ത്തി കുമാരി കഴിഞ്ഞ വര്‍ഷം എച്ച്1എന്‍1 വൈറസ് ബാധമൂലമാണ് മരിച്ചത്.






