റിയാദ്- കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് നടപ്പാക്കിയ സാമൂഹിക അകലം റെസ്റ്റോറന്റുകളിലും വേണമെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ആവശ്യപ്പെട്ടു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാമെങ്കിലും ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണം. അതിന് സൗകര്യമില്ലെങ്കില്‍ പാര്‍സല്‍ സര്‍വീസിന് മാത്രമേ അനുമതിയുണ്ടാവുകയുള്ളൂ. ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം. പക്ഷേ പത്തിലധികം ആളുകള്‍ ഉണ്ടാവരുത്. ടേബിളുകള്‍ക്ക് പകരം നിലത്തിരിക്കുന്ന സംവിധാനങ്ങളിലും സാമൂഹിക അകലം നിര്‍ബന്ധമാണ്. കാമറകള്‍ പ്രവര്‍ത്തനരഹിതമല്ലെന്ന് ഉറപ്പുവരുത്തണം. പാര്‍സല്‍ നല്‍കുന്ന കൗണ്ടറുകള്‍ക്ക് മുന്നില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലും ജീവനക്കാര്‍ അകലം പാലിക്കണം. എന്‍ട്രന്‍സ്, വാഷ് റൂം എന്നിവിടങ്ങളിലും ആള്‍കൂട്ടം പാടില്ല. തവക്കല്‍നാ ഇമ്യൂണ്‍ സ്റ്റാറ്റസ് നോക്കി ബാര്‍കോഡ് റീഡ് ചെയ്തുമാത്രമേ റെസ്‌റ്റോറന്റിന് ഉള്ളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാവൂ. ചെറിയ റെസ്‌റ്റോറന്റുകളില്‍ ബാര്‍കോഡ് നോക്കേണ്ടതില്ല. രോഗലക്ഷണമുള്ളവരെ ഭക്ഷണം തയ്യാറാക്കാന്‍ അനുവദിക്കരുത്. തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.






