ഫോൺ വിളിയുമായി ബന്ധപ്പെട്ട വിവരങ്ങൾ  രണ്ട് വർഷം വരെ സൂക്ഷിച്ചു വെക്കണമെന്ന് ടെലികോം വകുപ്പ്

ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസൻസുള്ള സ്ഥാപനങ്ങളും ഫോൺ വിളി സംബന്ധിച്ച വിവരങ്ങൾ രണ്ട് വർഷം വരെ സൂക്ഷിച്ചുവെക്കണമെന്ന് ടെലികോം വകുപ്പ്. ഇതിനായി യുനിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവിൽ ഒരു വർഷമാണ് കോൾ വിവരങ്ങൾ സൂക്ഷിച്ചുവെക്കുന്നത്. വിവിധ സുരക്ഷാ ഏജൻസികളുടെ ആവശ്യപ്രകാരമാണ് സമയം വർധിപ്പിക്കാനുള്ള നീക്കമെന്നാണ് വിവരം. കോൾ ഡീറ്റെയിൽ റെക്കോർഡ്, എക്‌സ്‌ചേഞ്ച് ഡീറ്റെയിൽ റെക്കോർഡ്, ഒരു നെറ്റ് വർക്കിൽ എക്‌സ്‌ചേഞ്ച് ചെയ്ത ആശയവിനിമയങ്ങളുടെ ഐപി ഡീറ്റെയിൽ റെക്കോർഡ് എന്നിവ രണ്ട് വർഷം വരെയോ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി സർക്കാർ ആവശ്യപ്പെടുന്ന അത്രയും സമയമോ സൂക്ഷിച്ചുവെക്കണം എന്നാണ് ഡിസംബർ 21 ന് പുറത്തുവിട്ട നോട്ടിഫിക്കേഷനിൽ പറയുന്നത്.
ഭൂരിഭാഗം കേസ് അന്വേഷണങ്ങളും ഒരു വർഷത്തിൽ കൂടുതൽ കാലം നീണ്ടുനിൽക്കുന്നതിനാൽ വിവരങ്ങൾ ഒരു വർഷം കഴിഞ്ഞാലും തങ്ങൾക്ക് ആവശ്യം വന്നേക്കുമെന്ന് വിവിധ സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാണിച്ചിരുന്നു. സേവനദാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും എല്ലാവരും അധിക കാലം കൂടി വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും ടെലികോം വകുപ്പ് പറഞ്ഞു.

Latest News