Sorry, you need to enable JavaScript to visit this website.

സൗദിയിൽ രണ്ടാം ഘട്ട പരിഷ്‌കരണങ്ങൾ വേഗത്തിലാക്കും - സൽമാൻ രാജാവ്

എട്ടാമത് ശൂറാ കൗൺസിലിന്റെ രണ്ടാം വർഷ പ്രവർത്തനങ്ങൾ വെർച്വൽ രീതിയിൽ ഉദ്ഘാടനം ചെയ്ത് സൽമാൻ രാജാവ് നയപ്രഖ്യാപന പ്രസംഗം നിർവഹിക്കുന്നു.

റിയാദ് - വിഷൻ 2030 പദ്ധതി രണ്ടാം ഘട്ടത്തിന്റെ തുടക്കം നേട്ടങ്ങൾ വേഗത്തിലാക്കുമെന്നും രാജ്യാഭിവൃദ്ധി മുൻനിർത്തി പരിഷ്‌കരണങ്ങൾ തുടരുമെന്നും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്. വൈവിധ്യപൂർണവും കരുത്തുറ്റതും ആഗോള മാറ്റങ്ങളെ അഭിമുഖീകരിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്ത് പൗരന്മാരുടെ ശോഭനമായ ഭാവി ഉറപ്പുവരുത്തും. സുസ്ഥിരത, സമൃദ്ധി, നവീകരണം, ബിസിനസ് നേതൃത്വം എന്നിവയെ പിന്തുണക്കുന്ന, ഭാവിയെ കുറിച്ച കാഴ്ചപ്പാടോടെ കിരീടാവകാശി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തൊഴിവലസരങ്ങൾ ലഭ്യമാക്കുകയും മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് ഭീമമായ സംഭാവനകൾ നൽകുകയും ചെയ്യും. എട്ടാമത് ശൂറാ കൗൺസിലിന്റെ രണ്ടാം വർഷ പ്രവർത്തനങ്ങൾ വെർച്വൽ രീതിയിൽ ഉദ്ഘാടനം ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് സൽമാൻ രാജാവ് ഇക്കാര്യം പറഞ്ഞത്. 
സംവാദത്തിന്റെയും സഹകരണത്തിന്റെയും മാർഗം ഇറാൻ അവലംബിക്കണം. ഇറാൻ സൗദി അറേബ്യയുടെ അയൽ രാജ്യമാണ്. മേഖലയിൽ പിന്തുടരുന്ന നിഷേധാത്മക നയങ്ങളും പെരുമാറ്റങ്ങളും ഇറാൻ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയിൽ അസ്ഥിരതയും അരാജകത്വവുമുണ്ടാക്കുന്ന ഇറാന്റെ നയങ്ങളിൽ സൗദി അറേബ്യക്ക് അങ്ങേയറ്റത്തെ ആശങ്കയുണ്ട്. മേഖലാ രാജ്യങ്ങളിൽ ഇറാൻ വിഭാഗീയ, സായുധ മിലീഷ്യകൾ സ്ഥാപിക്കുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. 
മേഖലാ രാജ്യങ്ങളിൽ തങ്ങളുടെ സൈനിക ശേഷി ഇറാൻ ചിട്ടയായി വിന്യസിക്കുന്നു. ആണവ പദ്ധതിയുമായും ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമുമായും ബന്ധപ്പെട്ട് ആഗോള സമൂഹവുമായി ഇറാൻ സഹകരിക്കുന്നില്ല. യെമനിൽ ഹൂത്തി ഭീകരർക്ക് ഇറാൻ പിന്തുണ നൽകുന്നു. യെമൻ യുദ്ധം നീണ്ടുപോകാനും യെമനിൽ ദുരിതങ്ങൾ രൂക്ഷമാകാനും ഇതാണ് കാരണം. ഹൂത്തികൾക്ക് ഇറാൻ നൽകുന്ന പിന്തുണ സൗദി അറേബ്യയുടെയും മേഖലാ രാജ്യങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാണെന്നും ൽമാൻ രാജാവ് പറഞ്ഞു. 

Latest News