Sorry, you need to enable JavaScript to visit this website.

വൈത്തിരി താലൂക്ക് ഓഫീസ് വരാന്തയിൽ കൊടി കുത്തി സി.പി.ഐ പ്രതിഷേധം

കാപ്പിക്കളത്തെ ഭൂമി രണ്ടാഴ്ചയ്ക്കുള്ളില്‍ പോക്കുവരവു ചെയ്യുമെന്നു അഡീഷണല്‍ തഹസില്‍ദാര്‍
ജനപ്രതിനിധികള്‍ മൂന്നിനു നിശ്ചയിച്ച അനിശ്ചിതകാല സത്യഗ്രഹം മാറ്റി 

കല്‍പറ്റ-പടിഞ്ഞാറത്തറ വില്ലേജിലെ കാപ്പിക്കളത്തു 2018-'20 കാലയളവില്‍ അനുവദിച്ച 38 പട്ടയങ്ങള്‍ പോക്കുവരവ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷിബു പോളും പടിഞ്ഞാറത്തറ പഞ്ചായത്ത് കാപ്പിക്കളം വാര്‍ഡ് മെംബര്‍ യു.സി.സജിയും വൈത്തിരി താലൂക്ക് ഓഫീസിനു മുന്നില്‍ ജനുവരി മൂന്നു മുതല്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല സത്യഗ്രഹം മാറ്റിവെച്ചു. മുഴുവന്‍ പട്ടയം ഉടമകളുടെയും ഭൂമി രണ്ടാഴ്ചക്കുള്ളില്‍ പോക്കുവരവു ചെയ്യുമെന്നു അഡീഷണല്‍ തഹസില്‍ദാര്‍ എം.എസ്.ശിവദാസന്‍ ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് സത്യഗ്രഹം മാറ്റിയതെന്നു ഷിബു പോളും സജിയും പറഞ്ഞു. വൈത്തിരിയിലെയും പരിസരങ്ങളിലെയും സി.പി.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയോടെ താലൂക്ക് ഓഫീസ് വരാന്തയില്‍ പാര്‍ട്ടിക്കൊടി നാട്ടി നടത്തിയ കുത്തിയിരിപ്പുസമരം ഒത്തുതീര്‍ക്കുന്നതിനു നടന്ന ചര്‍ച്ചയിലായിരുന്നു അഡീഷണല്‍ തഹസില്‍ദാരുടെ ഉറപ്പ്. ചര്‍ച്ചയിലെ ധാരണയനുസരിച്ച് മൂന്നിനു പടിഞ്ഞാറത്തറ വില്ലേജ് ഓഫീസില്‍  രേഖകളുടെ പരിശോധനയും 10നു സൈറ്റ് ഇന്‍സ്‌പെക്ഷനും നടത്തും. ഇതിനുശേഷം ഭൂമി പോക്കുവരവു ചെയ്ത് ഭൂനികുതി അടയ്ക്കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തും. ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍ക്കു പുറമേ സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എം.വി.ബാബു, വൈത്തിരി ലോക്കല്‍ സെക്രട്ടറി പി.ടി.കരുണാകരന്‍, പ്രവര്‍ത്തകരായ പി.പി.മനോജ്, ബീന മനോജ്, ബിനി ഷിജു, ചാക്കോ പയ്യപ്പള്ളി എന്നിവര്‍ പങ്കെടുത്തു. 
പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ വനം-വന്യജീവി വകുപ്പ് നിരാക്ഷേപപത്രം അനുവദിച്ച മുറയ്ക്കാണ് കാപ്പിക്കളത്തെ 38 കുടുംബങ്ങള്‍ക്കു പട്ടയം ലഭിച്ചത്. ശരാശരി ഒരേക്കര്‍ ഭൂമിയാണ് പട്ടയം ഉടമകളുടെ പേരില്‍. പട്ടയം കിട്ടിയതിനു പിന്നാലെ കൈവശക്കാര്‍ തുടങ്ങിയതാണ് ഭൂനികുതി അടയ്ക്കാനുള്ള ശ്രമം. എന്നാല്‍ ഭൂമി സബ്ഡിവിഷന്‍ ചെയ്തു നികുതി സ്വീകരിക്കുന്നതിനു നടപടി ഉണ്ടായില്ല. താലൂക്ക് സര്‍വേയറാണ് വില്ലേജ് ഓഫീസിലെത്തി രേഖകള്‍ പരിശോധിച്ചു ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഭൂമി പോക്കുവരവു ചെയ്യേണ്ടത്. എന്നാല്‍ തിരക്ക് നടിച്ചും മുന്‍കാല ഫയല്‍ കാണുന്നില്ലെന്നു പറഞ്ഞും സര്‍വേയര്‍ ഉത്തരവാദിത്തത്തില്‍നിന്നു  ഇക്കാലമത്രയും ഒഴിഞ്ഞുമാറി. ഭൂനികുതി അടയ്ക്കാന്‍ നടപടി തേടി പട്ടയം ഉടമകളില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ  സാന്ത്വനസ്പര്‍ശം അദാലത്തില്‍ അപേക്ഷ നല്‍കിയിരുന്നു. പട്ടയം സബ് ഡിവിഷന്‍ പോക്കുവരവ് ചെയ്യുന്നതിനു വൈത്തിരി താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടു പരിഹാരം കാണാമെന്ന മറുപടിയാണ് അപേക്ഷകര്‍ക്കു ലഭിച്ചത്. ഇതനുസരിച്ച് താലൂക്ക് ഓഫീസില്‍ ചെന്നവര്‍ക്കും തിക്താനുഭവമാണ് ഉണ്ടായത്. 
നികുതിശീട്ടിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും മറ്റും പട്ടയം ഉടമകള്‍ക്കു നഷ്ടമാകുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ചത്. സത്യഗ്രഹം തുടങ്ങുന്നതിനു മുമ്പുള്ള അവസാന ശ്രമം എന്ന നിലയില്‍ ജനപ്രതിനിധികള്‍ കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസില്‍ എത്തിയപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു പ്രദേശത്തെ സി.പി.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയോടെ കൊടികുത്തി സമരം ആരംഭിച്ചശേഷമാണ് അഡീഷണല്‍ തഹസില്‍ദാര്‍ ഓഫീസിലെത്തി ചര്‍ച്ചയ്ക്കു സന്നദ്ധനായത്. 
പടം-സി.പി.ഐ-
സി.പി.ഐ നേതാക്കളും പ്രവര്‍ത്തകരും വൈത്തിരി താലൂക്ക് ഓഫീസ് വരാന്തയില്‍ പാര്‍ട്ടിക്കൊടി നാട്ടി കുത്തിയിരിപ്പുസമരം നടത്തുന്നു.

Latest News