Sorry, you need to enable JavaScript to visit this website.

സര്‍ക്കാരിനെ വീണ്ടും വെട്ടിലാക്കി ഗവര്‍ണര്‍; ഹൈക്കോടതി നോട്ടീസ് സര്‍ക്കാരിന് അയച്ചു

തിരുവനന്തപുരം- കണ്ണൂര്‍ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ വണ്ടും സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . വിഷയത്തില്‍ ഹൈക്കോടതി അയച്ച നോട്ടീസ് ഗവര്‍ണര്‍ സര്‍ക്കാരിലേക്ക് അയച്ചു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാന്‍സലര്‍ക്കാണെന്നും താന്‍ എട്ടാം തീയതി മുതല്‍ ചാന്‍സലര്‍ അല്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്.
വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് ഓഫീസില്‍ കിട്ടി, അത് സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാന്‍സലര്‍ക്കാണ്. എട്ടാം തീയതി മുതല്‍ താന്‍ ചാന്‍സലറല്ല. നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ. ഇതാണ് ഗവര്‍ണറുടെ പ്രതികരണം.
ചാന്‍സലര്‍ സ്ഥാനം ഇനിയേറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. ഇത് പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവര്‍ണര്‍ ചാന്‍സിലര്‍ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വളര്‍ന്നത്. തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതല്‍ ഗവര്‍ണര്‍ പരാതിപ്പെടുന്നത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെയും ഭാര്യമാരുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചര്‍ച്ചയായി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമര്‍ശനം ശക്തമായി നില്‍ക്കുന്നതിനിടെയാണ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന ഗവര്‍ണറുടെ പ്രഖ്യാപനം.
ഹൈക്കോടതിയുടെ നോട്ടീസ് പോലും താനല്ല ചാന്‍സലറല്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ മടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത നീക്കമെന്താകുമന്നാണ് ഇനി അറിയേണ്ടത്.

Latest News