Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകം 'കോവിഡ് സൂനാമി'യിലേക്ക് നീങ്ങുന്നു

ജനീവ- ലോകം 'കോവിഡ് സൂനാമി'യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവന്‍ രംഗത്ത്. ഒമിക്രോണ്‍ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. ഡെല്‍റ്റയും പുതിയ ഒമിക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ചൂണ്ടികാട്ടി. ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമിക്രോണ്‍ വകഭേദം വാക്സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ അമേരിക്കയില്‍ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതര്‍ ആയത്.
അതേസമയം ഒമിക്രോണ്‍ ഭീഷണി ശക്തമായതോടെ കേരളത്തില്‍ ഇന്ന് മുതല്‍ ജനുവരി രണ്ട് വരെ ഏര്‍പ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ദേവാലയങ്ങള്‍ക്കും ബാധകമാക്കി സര്‍ക്കാര്‍. രാത്രി പത്ത് മുതല്‍ മതസാമൂഹ്യരാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിര്‍ദ്ദേശം. ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
രാത്രി നിയന്ത്രണത്തില്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോള്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളില്‍ പുതുവത്സര പ്രാര്‍ത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. മതസാമുദായിക രാഷ്ട്രീയ സാംസ്‌ക്കാരിക കൂടിച്ചേരലുകള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്.
ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ ബാറുകള്‍ ക്ലബുകള്‍ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്റ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയര്‍ ആഘോഷങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ലെന്നുമാണ് നിര്‍ദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഒമിക്രോണ്‍ കേസുകള്‍ കൂടുന്നുണ്ടെങ്കിലും രോഗികളിലാരും ഗുരുതരസ്ഥിതിയിലല്ലെന്നത് ആശ്വാസകരമാണ്

Latest News