ജിദ്ദ- മക്കയിലും സിറ്റി ചെക്ക്-ഇൻ സേവനം വൈകാതെ യാഥാർഥ്യമാകും. ഇതിനുള്ള കരാറിൽ സൗദിയ ഗ്രൗണ്ട് സർവീസസ് കമ്പനിയും ജബൽ ഉമർ ഡെവലപ്‌മെന്റ് കമ്പനിയും ഒപ്പുവെച്ചു. സൗദിയ ഗ്രൗണ്ട് സർവീസസ് കമ്പനിയെ പ്രതിനിധീകരിച്ച് സി.ഇ.ഒ എൻജിനീയർ ഉമർ നജ്ജാറും ജബൽ ഉമർ കമ്പനിയെ പ്രതിനിധീകരിച്ച് സി.ഇ.ഒ യാസിർ അൽശരീഫും ആണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
യാത്രക്കാരുടെ നടപടികൾ പൂർത്തിയാക്കുന്നതിന് മക്കയിൽ സിറ്റി-ചെക്ക് ഇൻ സെന്റർ സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് കരാർ അനുശാസിക്കുന്നതായി യാസിർ അൽശരീഫ് പറഞ്ഞു. ജിദ്ദ എയർപോർട്ടിലെ സമ്മർദം കുറയ്ക്കുന്നതിന് മക്കയിലെ സിറ്റി ചെക്ക്-ഇൻ സെന്റർ സഹായിക്കും. വിശുദ്ധ ഹറമിലെത്തുന്ന തീർഥാടകർക്കും മക്ക നിവാസികൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനും യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനും ശ്രമിച്ചാണ് സൗദിയ ഗ്രൗണ്ട് സർവീസസ് കമ്പനിയും ജബൽ ഉമർ കമ്പനിയും സഹകരിച്ച് മക്കയിൽ സിറ്റി ചെക്ക്-ഇൻ സെന്റർ സ്ഥാപിക്കുന്നതെന്നും യാസിർ അൽശരീഫ് പറഞ്ഞു.