കോണ്‍ഗ്രസ് വിട്ടെങ്കിലും ഗാന്ധിയുടേയും നെഹ്‌റുവിന്റേയും ആദര്‍ശം ഉപേക്ഷിച്ചിട്ടില്ലെന്ന് ശരത് പവാര്‍

മുംബൈ- കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടെങ്കിലും മഹാത്മാ ഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും ആദര്‍ശം താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1991ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തിരിച്ചുവരാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു എന്നും പവാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ രാഷ്ട്രീയമായി എന്തു നടന്നാലും പത്രങ്ങള്‍ തന്നെ സംശയിക്കുന്ന പ്രവണത ഉണ്ടെന്നും സമീപകാല വിവാദങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദത്തെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് താന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്നാണ് പത്രങ്ങള്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ താന്‍ ഇതിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും പവാര്‍ പറഞ്ഞു.

Latest News