ബിജെപിക്ക് വോട്ട് തന്നാല്‍ 200ന്റെ മദ്യം 50ന്;  വാഗ്ദാനവുമായി ആന്ധ്രാ പ്രദേശ് അധ്യക്ഷന്‍

വിജയവാഡ- 2024ല്‍ വരാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു കോടി വോട്ട് നല്‍കുകയാണെങ്കില്‍ 200 രൂപയുടെ ക്വാട്ടര്‍ ബോട്ടില്‍ മദ്യം 50 രൂപക്ക് നല്‍കാമെന്ന വാഗ്ദാനവുമായി ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷന്‍ സോമു വീര്‍രാജു. ചൊവ്വാഴ്ച വിജയവാഡയില്‍ വെച്ച് നടന്ന യോഗത്തില്‍ വെച്ചായിരുന്നു സോമു വീര്‍രാജുവിന്റെ വ്യത്യസ്ത വാഗ്ദാനം. ഒരു കോടി വോട്ട് ബിജെപിയ്ക്ക് നല്‍കൂ, ഞങ്ങള്‍ 70 രൂപയ്ക്ക് മദ്യം നല്‍കും. കൂടുതല്‍ വരുമാനം ഉണ്ടാവുകയാണെങ്കില്‍ ക്വാട്ടര്‍ ബോട്ടില്‍ മദ്യം 50 രൂപക്ക് നല്‍കുമെന്ന് സോമു വീര്‍രാജു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ക്വാര്‍ട്ടറിന് 200 രൂപയ്ക്കാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിലവില്‍ മദ്യം വില്‍ക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ വില്‍ക്കുന്നത് നിലവാരമില്ലാത്ത മദ്യമാണെന്നും വ്യാജ ബ്രാന്‍ഡുകളുമാണെന്ന് അദ്ദേഹം ആരോപിച്ചു. നിലവാരമുള്ള പല ബ്രാന്‍ഡ് മദ്യങ്ങളും സംസ്ഥാനത്ത് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ ഏറ്റവും നല്ല മദ്യം വിലക്കുറവില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News