അഞ്ചു വർഷത്തിനുള്ളിൽ 12 ലക്ഷം  തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യം 

നാലാമത് ഒ.ഐ.സി തൊഴിൽ മന്ത്രിമാരുടെ സമ്മേളനം സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസ് ജിദ്ദയിൽ ഉദ്ഘാടനം ചെയ്യുന്നു. 

ജിദ്ദ- അഞ്ചു കൊല്ലത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ സൗദികൾക്ക് 12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് സൗദി എംപ്ലോയ്‌മെന്റ് ഏജൻസി ലക്ഷ്യമിടുന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ വെളിപ്പെടുത്തി. സ്വകാര്യ മേഖലയിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിൽ സൗദി എംപ്ലോയ്‌മെന്റ് ഏജൻസി എന്ന പേരിൽ പുതിയ വകുപ്പ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഈ വർഷം മുതൽ 2022 വരെയുള്ള കാലത്ത് പ്രതിവർഷം ശരാശരി 2,40,000 തൊഴിലവസരങ്ങൾ വീതം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ജിദ്ദയിൽ ഒ.ഐ.സി തൊഴിൽ മന്ത്രിമാരുടെ നാലാമത് യോഗത്തിനു മുന്നോടിയായി മുതിർന്ന ഉദ്യോഗസ്ഥരുടെ സന്നാഹ യോഗത്തിൽ പങ്കെടുത്ത് ഖാലിദ് അബൽഖൈൽ പറഞ്ഞു. സ്വദേശികൾക്കിടയിലെ തൊഴില്ലായ്മ നിരക്ക് 2022 ഓടെ ഒമ്പതു ശതമാനമായി കുറയ്ക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്. 
സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് കിഴക്കൻ പ്രവിശ്യ, നജ്‌റാൻ, അസീർ പ്രവിശ്യകളിലാണ്. ഇവിടങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് പത്തു ശതമാനത്തിലും കുറവാണ്. സൗദിയിൽ തൊഴിൽ പ്രായത്തിലുള്ള 18 ശതമാനം വനിതകൾ മാത്രമാണ് ജോലി ചെയ്യുന്നത്. 82 ശതമാനവും ജോലി ചെയ്യാത്തവരാണ്. തൊഴിൽ പ്രായത്തിലുള്ള പുരുഷന്മാരിൽ ജോലി ചെയ്യുന്നവർ 62 ശതമാനവും ജോലി ചെയ്യാത്തവർ 38 ശതമാനവുമാണ്. സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് കിഴക്കൻ പ്രവിശ്യയിലാണ്. ഇവിടെ തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാർക്കിടയിൽ 3.6 ശതമാനവും വനിതകൾക്കിടയിൽ 22.6 ശതമാനവുമാണ്. സ്ത്രീപുരുഷന്മാരെ മൊത്തത്തിലെടുത്താൽ കിഴക്കൻ പ്രവിശ്യയിൽ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് നജ്‌റാൻ ആണ്. ഇവിടെ തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാർക്കിടയിൽ നാലര ശതമാനവും വനിതകൾക്കിടയിൽ 28.8 ശതമാനവും ആണ്. നജ്‌റാനിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 8.8 ശതമാനമാണ്. മൂന്നാം സ്ഥാനത്ത് അസീർ പ്രവിശ്യയാണ്. ഇവിടെ പുരുഷന്മാർക്കിടയിൽ 5.6 ഉം വനിതകൾക്കിടയിൽ 26.5 ഉം ആണ് തൊഴിലില്ലായ്മ നിരക്ക്. അസീറിലെ ആകെ തൊഴിലില്ലായ്മ നിരക്ക് ഒമ്പതര ശതമാനമാണ്. 
നാലാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ തൊഴിലില്ലായ്മ നിരക്ക് 10.3 ശതമാനമാണ്. പുരുഷന്മാർക്കിടയിൽ ആറും വനിതകൾക്കിടയിൽ 27.1 ഉം ശതമാനമാണ് ഇവിടെ തൊഴിലില്ലായ്മ നിരക്ക്. റിയാദിൽ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമാണ്. പുരുഷന്മാർക്കിടയിൽ 7.2 ശതമാനവും വനിതകൾക്കിടയിൽ 29.2 ശതമാനവുമാണ് റിയാദിൽ തൊഴിലില്ലായ്മ നിരക്ക്. ഹായിലിൽ പുരുഷന്മാർക്കിടയിൽ 9.2 ശതമാനവും വനിതകൾക്കിടയിൽ 35.1 ശതമാനവും തൊഴിലില്ലായ്മയുണ്ട്. ഇവിടെ ആകെ തൊഴിലില്ലായ്മ നിരക്ക് 14.3 ശതമാനമാണ്. 
സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ അൽബാഹ, മദീന, അൽജൗഫ് പ്രവിശ്യകളിലാണ്. അൽബാഹയിൽ 25.7 ശതമാനവും മദീനയിൽ 23.8 ശതമാനവും അൽജൗഫിൽ 23.6 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. അൽബാഹയിൽ പുരുഷന്മാരിൽ 13.5 ശതമാനവും വനിതകളിൽ 51.5 ശതമാനവും മദീനയിൽ പുരുഷന്മാരിൽ 14.7 ശതമാനവും വനിതകളിൽ 48 ശതമാനവും അൽജൗഫിൽ പുരുഷന്മാരിൽ 15.4 ശതമാനവും വനിതകളിൽ 42.5 ശതമാനവും തൊഴിൽരഹിതരാണ്.  തൊഴിലില്ലായ്മ നിരക്ക് ജിസാനിൽ 19.1 ശതമാനവും തബൂക്കിൽ 16.7 ശതമാനവും ഉത്തര അതിർത്തി പ്രവിശ്യയിൽ 16.4 ശതമാനവും അൽഖസീമിൽ 16.2 ശതമാനവുമാണ്.

Latest News