ഇടുക്കി- ശാന്തൻപാറ പഞ്ചായത്തിലെ തോണ്ടിമലയിൽ ഒറ്റയാന്റെ ആക്രമണത്തിൽ ഒരു വീട് പൂർണമായും മറ്റൊന്ന് ഭാഗീകമായും തകർന്നു. സെൽവം, അമൽരാജ് എന്നിവരുടെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സെൽവത്തിന്റെ വീട് പൂർണമായും. അമലിന്റെ വീട് ഭാഗീകമായും തകർന്നു. ആദ്യം അമലിന്റെ വീടാണ് കാട്ടാന ആക്രമിച്ചത്.
ഒച്ച കേട്ട് അമൽ എഴുന്നേറ്റപ്പോഴാണ് ആനയെ കണ്ടത്. ബഹളം വെച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു.
പിന്നീടാണ് സെൽവത്തിന്റെ വീട് ആക്രമിച്ചത്. ഈ സമയം സെൽവവും പ്രായമായ അമ്മ ഉൾപ്പടെയുളള കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് വീടിന് പുറത്തേക്കോടിയതുകൊണ്ടാണ് രക്ഷപെട്ടതെന്ന് ഇവർ പറയുന്നു. രണ്ട് ആഴ്ചയോളമായി പൂപ്പാറ, തോണ്ടിമല, പേത്തൊട്ടി, തലകുളം, കോരമ്പാര പ്രദേശങ്ങളിൽ ആറോളം കാട്ടാനകൾ തമ്പടിച്ചിട്ടുണ്ട്.
ചിത്രം-കാട്ടാന തകർത്ത ശെൽവത്തിന്റെ വീട്






