Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

വിസ്മയങ്ങളുടെ കലവറ

കൊതിപ്പിക്കുന്ന ദുബായ് നഗരത്തിലൂടെ-2

ആർക്കും കണ്ടുതീർക്കാനാവാത്ത അത്ഭുതങ്ങൾ ഒളിപ്പിച്ചുവെക്കുന്ന മാസ്മരിക ലോകമാണ് ദുബായ്  എന്നാണ് പറയാറുള്ളത്. ഓരോ തവണ സന്ദർശിക്കുമ്പോഴും ഇത് ശരിയാണെന്ന് കൂടുതൽ ബോധ്യപ്പെടും. എന്നാൽ ഈ സ്വപ്‌ന നഗരത്തിൽ ഇതൾ വിരിഞ്ഞ വിസ്മയങ്ങളുടെ കലവറയാണ് എക്‌സ്‌പോ 2020 എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല.  റേഡിയോ ആർ.ജെകളോടൊപ്പമുള്ള ദുബായ് യാത്ര സംഭവ ബഹുലമായിരുന്നു. ഓരോ ദിവസവും ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളൊരുക്കിയാണ് യാത്ര സാർഥകമാക്കിയത്. ഇന്ന് ദുബായ് എക്‌സ്‌പോയിലേക്കായിരുന്നു യാത്ര. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്നും ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താണ് ദുബായ്  എക്‌സ്‌പോ നഗരിയിലെത്തിയത്. മൊബിലിറ്റി ഡിസ്ട്രിക്ടിൽ ബസിൽ നിന്നിറങ്ങി നേരെ പ്രവേശന കവാടത്തിലേക്ക്. എക്‌സ്‌പോ 2020 ന്റെ മനോഹരമായ ബോർഡിന് മുന്നിൽ എല്ലാവരും ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. നേരത്തെ എക്‌സ്‌പോ സന്ദർശിച്ച ഉല്ലാസും അൻവറുമൊക്കെ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. വാക്‌സിനെടുത്തവർക്കും പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കുമാണ് എക്‌സ്‌പോയിലേക്ക് പ്രവേശനമുള്ളത്. 
സസ്റ്റയിനബിലിറ്റി, ഓപർച്യൂനിറ്റി, മൊബിലിറ്റി എന്നിങ്ങനെ സവിശേഷമായ മൂന്ന് പ്രമേയങ്ങളെ ആസ്പദമാക്കിയുള്ള മൂന്ന് പ്രവേശന കവാടങ്ങളാണ് എക്‌സ്‌പോ 2020 നുള്ളത്. 21 മീറ്റർ ഉയരവും 30 മീറ്റർ നീളവുമുള്ള പ്രവേശന കവാടം ഏറെ ആകർഷകമാണ്. 
 ഗംഭീരമായ പശ്ചാത്തലവും മികച്ച ആസൂത്രണവും കമനീയമായ അലങ്കാരങ്ങളുമൊക്കെ ഈ മഹാമേളയുടെ പശ്ചാത്തലമൊരുക്കിയിരിക്കുന്നു. അങ്ങിങ്ങായി സംഗീതജ്ഞർ വിവിധ ഉപകരണങ്ങൾ വായിക്കുന്നു. വിശ്രമ കേന്ദ്രങ്ങളും ഭക്ഷണശാലകളും ധാരാളം. ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്‌സിബിഷൻസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്താരാഷ്ട്ര പ്രദർശനമാണ് എക്‌സ്‌പോ. 5 വർഷത്തിലൊരിക്കലാണ് എക്‌സ്‌പോ നടക്കാറുള്ളത്. ഐക്യരാഷ്ട്ര സംഘടന അംഗീകരിക്കുന്ന രാജ്യങ്ങളൊക്കെ പങ്കെടുക്കാറുള്ള മേളയിൽ കല, ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ഓരോ രാജ്യങ്ങളുടെയും മുന്നേറ്റങ്ങളും സ്വപ്‌നങ്ങളുമാണ് പ്രദർശിപ്പിക്കാറുള്ളത്. 


2013 ൽ നടന്ന നറുക്കെടുപ്പിലാണ് എക്‌സ്‌പോക്ക് ആതിഥ്യമരുളാനുള്ള ഭാഗ്യം ലഭിക്കുന്ന ആദ്യ അറബ് രാജ്യമായി ദുബായ്  മാറിയത്. 
ദുബായിയുടെ തെക്ക് ഭാഗത്തായി അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിനോട് ചേർന്ന വിശാലമായ പ്രദേശത്താണ് എക്‌സ്‌പോ 2020 നഗരി പണിതീർത്തത്. എക്‌സ്‌പോയിലേക്കായി പ്രത്യേക മെട്രോ സ്‌റ്റേഷനും ട്രെയിനുകളുമുണ്ട്.  യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സൗജന്യ ഷട്ടിൽ സർവീസുകളുമേർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിലും എക്‌സ്‌പോയിലേക്കെത്താം. 26,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. മുപ്പതിനായിരത്തോളം വരുന്ന ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമാണ് എക്‌സ്‌പോ 2020 ന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത്.  ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള 192 രാജ്യങ്ങളുടെയും പവിലിയനുകളുള്ള എക്‌സ്‌പോ ഒരു സംഭവമാണ്. രാജ്യങ്ങളുടെ ഭാവി പരിപാടികളും കാഴ്ചപ്പാടുകളും വികസന സ്വപ്‌നങ്ങളുമൊക്കെ അടയാളപ്പെടുത്തുന്ന ശാസ്ത്രവും സാങ്കേതിക വിദ്യയും ചരിത്രവുമൊക്കെ കോർത്തിണക്കുന്ന ഒരു വിസ്മയ മേള. മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക എന്ന സുപ്രധാന മുദ്രാവാക്യമാണ്  ദുബായ് എക്സ്പോ അടയാളപ്പെടുത്തുന്നത്. 
2021 ഓക്ടോബർ ഒന്നിന് ആരംഭിച്ച മേള 2022 മാർച്ച് 31 വരെ നീണ്ടുനിൽക്കും. ലോകത്തിന്റെ കണ്ണുകളെല്ലാം ഈ ആറു മാസക്കാലവും യു.എ.ഇയിലേക്കായിരിക്കുമെന്ന് തെളിയിക്കുന്നതാണ് ആദ്യ മാസത്തെ സന്ദർശക പ്രവാഹം.  വ്യവസായ വാണിജ്യ പരിപാടികൾക്കൊപ്പം സംഗീതം, നൃത്തം, നാടകം എന്നിവയെല്ലാം സമന്വയിപ്പിക്കുന്ന ഈ മായാലോകം  ലോകത്തെ ദുബായിലേക്ക് ആകർഷിക്കുകയാണ്. എക്‌സ്‌പോയിലെ  ഓരോ പവിലിയനുകളും ഒന്നിനൊന്ന് മികച്ചവയും ആകർഷകവുമായിരുന്നെങ്കിലും ഖത്തറിൽ നിന്നുള്ള സംഘമെന്ന നിലക്ക് ഞങ്ങൾ നേരെ ഖത്തർ പവിലിയൻ ലക്ഷ്യമാക്കി നടന്നു. ദുബായ് എക്സ്പോ 2020 ലെ ഖത്തറിന്റെ പവിലിയൻ 'ഖത്തർ: ദി ഫ്യൂച്ചർ ഈസ് നൗ' എന്ന പ്രമേയത്തിലാണ് സജ്ജീകരിക്കുന്നത്. കോവിഡ്19 ഉൾപ്പെടെയുള്ള വിവിധ വെല്ലുവിളികളെയും ആഗോള മാറ്റങ്ങളെയും നേരിടുന്നതിലും വിജയിക്കുന്നതിലും ഉള്ള കാഴ്ചപ്പാടും വിജയകരമായ അനുഭവങ്ങളും കണക്കിലെടുത്ത് ഖത്തറിന്റെ മുൻനിര സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്ന പ്രമേയമാണിത്.
ഖത്തർ പവിലിയനിലെ സന്ദർശനം പൂർത്തിയാക്കിയ ഞങ്ങൾ നേരെ ഇന്ത്യൻ പവിലിയനിലേക്കാണ് പോയത്. എക്‌സ്‌പോ 2020 ലെ ഇന്ത്യൻ പവിലിയൻ താരതമ്യേന തിരക്കേറിയതായിരുന്നു. മൂന്ന് നിലകളിലായൊരുക്കിയ കാഴ്ചകൾ കാണാനായ നീണ്ട ക്യൂ. ലക്ഷക്കണക്കിനാളുകൾ ഇതിനകം തന്നെ ഇന്ത്യാ പവിലിയൻ സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ. പ്രവേശന കവാടത്തിൽ തന്നെ വിവിധ ഭാഷകളിൽ സ്വാഗതമെന്നെഴുതിയിട്ടുണ്ട്.  ഇന്ത്യയുടെ പാരമ്പര്യവും പുരോഗതിയും സമന്വയിപ്പിക്കുന്ന പവിലിയനിൽ നിരവധി നിക്ഷേപ സാധ്യതകൾക്കുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. സന്ദർശകരെ ആകർഷിക്കാനായി വിവിധ സാംസ്‌കാരിക പരിപാടികളും പവിലിയനിൽ അരങ്ങേറുന്നുണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ രാജസ്ഥാനി നാടോടി നൃത്തമരങ്ങേറുന്നുണ്ടായിരുന്നു.  സഹകരണത്തിനും നിക്ഷേപത്തിനുമായി കൂടുതൽ അവസരങ്ങൾക്ക് വേദിയാകാവുന്ന രീതിയിലാണ് ഇന്ത്യൻ പവിലിയൻ ആസൂത്രണം ചെയ്തിരിക്കുന്നത്.  ഇന്ത്യയുടെ  വൈവിധ്യമാർന്ന ആഘോഷങ്ങൾ, ഭക്ഷണം, സാംസ്‌കാരിക പ്രകടനങ്ങൾ എന്നിവയൊക്കെയാണ്  ആഗോള സന്ദർശകരെ ആകർഷിക്കുന്നത്. കാലാവസ്ഥ, ജൈവ വൈവിധ്യ വാരമായ ഒക്ടോബർ മൂന്ന് മുതൽ 9 വരെ ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന ഊർജ ലക്ഷ്യങ്ങളും കാലാവസ്ഥാ ആക്ഷൻ പ്ലാനും വിവിധ സെഷനുകളിലായി ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വന്ന ബഹിരാകാശ, നാഗരിക, ഗ്രാമീണ വികസന വാരങ്ങളിലും വിവിധ മേഖലകളിലെ ഭാവിയും പ്രശ്നങ്ങളും വെല്ലുവിളികളും പവിലിയനിൽ ചർച്ചയായിരുന്നു. ഇതിന് പുറമെ ഗുജറാത്തിനും കർണാടകക്കും ലഡാക്കിനും വേണ്ടി പ്രത്യേക വാരങ്ങളും ഇന്ത്യൻ പവിലിയനിൽ ക്രമീകരിച്ചിരുന്നു.  അറുന്നൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവിലിയന്റെ ബാഹ്യ രൂപകൽപന. രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുള്ള പവിലിയനിൽ 11 പ്രമേയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രദർശന പരിപാടികൾ നടക്കുന്നത്.  കാലാവസ്ഥയും ജൈവ വൈവിധ്യവും, ബഹിരാകാശം, നാഗരിക, ഗ്രാമീണ വികസനം, സഹിഷ്ണുതയും ഉൾക്കൊള്ളലും, സുവർണ ജൂബിലി, അറിവും പഠനവും, ആരോഗ്യം, ഭക്ഷണം, കൃഷിയും ഉപജീവന മാർഗങ്ങളും, ജലം എന്നിവ ഉൾപ്പെടുന്നതാണ് വിവിധ പ്രമേയങ്ങൾ.
ഇന്ത്യ ഊന്നൽ നൽകുന്ന ഐ.ടി, സ്റ്റാർട്ടപ്പുകൾ അടങ്ങുന്ന 'ഇന്ത്യൻ ഇന്നൊവേഷൻ ഹബ്' പവിലിയനിലെ മറ്റൊരു ആകർഷണമാണ്. പൗരാണിക ഇന്ത്യയും സാംസ്‌കാരിക തനിമയും പ്രദർശിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങളും ഭാവിയും പുരോഗതിയും ഇന്ത്യൻ പവിലിയനിൽ പ്രതിഫലിപ്പിക്കുന്നു. യോഗ, ആയുർവേദം, സാഹിത്യം, കല, പൈതൃകം, വിനോദ സഞ്ചാര മേഖല, ബഹിരാകാശ സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന കാഴ്ചകളാണ് പവിലിയനിൽ ഒരുക്കിയിട്ടുള്ളത്. കളരിപ്പയറ്റ് ഉൾപ്പെടെ കേരളത്തിന്റെ തനത് കലകളും കാഴ്ചക്കാരെ ആകർഷിക്കുന്നു. പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ നിർമിതികളെ കുറിച്ചുള്ള വിവരണങ്ങളും പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 


ദുബായിയുടെ വിസ്മയ കാഴ്ചകളിൽ സുപ്രധാനമായ ഒന്നാണ് ബുർജ് ഖലീഫ. അത്ഭുതങ്ങളുടെ ആകാശ ഗോപുരമെന്നാണ് ബുർജ് ഖലീഫയെ വിശേഷിപ്പിക്കാറുള്ളത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവർ, ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 ാമത്തെ നിലയിൽ), ഏറ്റവും ഉയരമേറിയ അംബരചുംബികളിൽ റസിഡൻഷ്യൽ ഫ്ളാറ്റുകളും ഉൾപ്പെടുന്ന ലോകത്തെ ആദ്യ കെട്ടിട സമുച്ചയം, സെക്കന്റിൽ 18 മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, 500 മീറ്ററിലധികം ഉയരുന്ന ലിഫ്റ്റ്, അലുമിനം-ഗ്ലാസ് ഫസാഡ് (പുറംചട്ട) 500 മീറ്ററിലധികം ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ കെട്ടിടം, 76 ാമത്തെ നിലയിൽ സ്വിമ്മിംഗ് പൂൾ ഉള്ള ഏക കെട്ടിടം തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിലവിലുള്ള റെക്കോർഡുകൾ ഒട്ടനവധിയാണ്. 2010 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത ഈ എൻജിനീയറിംഗ് അത്ഭുതം കാണാൻ ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിത്യവും പതിനായിരക്കണക്കിനാളുകളാണ് എത്തുന്നത്. ഓരോ മാസവും ലക്ഷക്കണക്കിനാളുകൾ സന്ദർശിക്കുന്ന ടൂറിസ്റ്റ് ആകർഷണമായി ബുർജ് ഖലീഫ മാറിയിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ദുബായിയുടെ പ്രൗഢിയുമായ ബുർജ് ഖലീഫ കെട്ടിപ്പൊക്കാൻ അനേകായിരം മലയാളികൾ വിയർപ്പൊഴുക്കിയിരുന്നു. തൊഴിലാളികൾ മുതൽ പദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ജോർജ് ജോസഫ് വരെ. ഇവരിൽ നിന്ന് ബുർജ് ഖലീഫയിൽ ആലേഖനം ചെയ്ത പീപ്പിൾ ബിഹൈൻഡ് ബുർജ് ഖലീഫ പട്ടികയിലേക്ക് എത്തിച്ചേർന്ന 25 പേരിൽ ഒരൊറ്റ മലയാളി മാത്രമായിരുന്നു ഉണ്ടായിരുന്നത്; പത്തനംതിട്ട സ്വദേശിയായ കുരുമ്പിലേത്ത് ജോൺ നൈനാൻ. നിർമാണ ഘട്ടമായ ആറു വർഷവും അദ്ദേഹം പദ്ധതിയുടെ ഇലക്ട്രിക് സൂപ്പർവൈസറായിരുന്നു.

ദുബായ് ഫൗണ്ടൻ
250 മീറ്റർ നീളമുള്ള ദുബായ്  ഫൗണ്ടൻ ഈ രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ഫൗണ്ടനാണെന്നാണ് പറയപ്പെടുന്നത്. വൈകുന്നേരം 7 മണി മുതൽ 11 മണി വരെ നിത്യവും വർണ വിസ്മയങ്ങൾ തീർത്ത് നൃത്തം വെക്കുന്ന ഈ ജലധാര പതിനായിരങ്ങളെ ആകർഷിക്കുന്നു.

ദുബായ് മെട്രോ അഥവാ ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ
അനുദിനം വളർന്നു വികസിക്കുന്ന ദുബായ് നഗരത്തിലെ ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും പരിഹരിച്ച് ചുരുങ്ങിയ ചെലവിൽ യാത്രാ സൗകര്യമൊരുക്കിയ വിപ്ളവ പദ്ധതിയാണ് ദുബായ് മെട്രോ. 2009 സെപ്റ്റംബർ 10 ന് ആരംഭിച്ച മെട്രോ സേവനങ്ങൾ വളരെ പെട്ടെന്നാണ് ജനകീയമായത്. കഴിഞ്ഞ 12 വർഷമായി സുരക്ഷയുടെയും പ്രവർത്തന ക്ഷമതയുടെയും കാര്യത്തിൽ ആഗോള തലത്തിൽ തന്നെ മികവ് അടയാളപ്പെടുത്തുന്ന ദുബായ് മെട്രോ സർവീസുകളിൽ 99.7 ശതമാനം സമയനിഷ്ഠയുമായാണ് യാത്രക്കാരെ ആകർഷിക്കുന്നത്. 2021 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 170 കോടി യാത്രക്കാരാണ് മെട്രോ പ്രയോജനപ്പെടുത്തിയത്.

ദുബായ് മിറാക്കിൾ ഗാർഡൻ
മരുഭൂമിയുടെ നടുവിൽ ഒരു പൂന്തോട്ടം എന്നു കേൾക്കുമ്പോൾ തന്നെ വളരെ കൗതുകകരമായി തോന്നുമെങ്കിലും പേരു പോലെ തന്നെ പൂക്കളാൽ അദ്ഭുതം തീർക്കുന്ന ഒന്നാണ് ദുബായിലെ മിറാക്കിൾ ഗാർഡൻ. 17 ഏക്കറിൽ 72,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഈ പൂന്തോട്ടം വ്യത്യസ്ത വിഭാഗത്തിൽപെട്ട ലക്ഷക്കണക്കിന് പൂക്കളാൽ കാഴ്ചയുടെ നിറവസന്തമൊരുക്കുന്നു. ഗാർഡൻ പൂർണമായി കാണണമെങ്കിൽ ഒരു ദിവസം മുഴുവൻ അവിടെ ചെലവഴിക്കേണ്ടി വരും. ചുരുങ്ങിയത് മൂന്ന് നാല് മണിക്കൂറെങ്കിലും ചെലവഴിക്കാതെ മിറാക്കിൾ ഗാർഡൻ ആസ്വദിക്കാനാവില്ല.
എന്തൊക്കെ വിസ്മയ കാഴ്ചകളാണ് ദുബായ്  നഗരം സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. മരുഭൂമിയെ മലർവാടിയാക്കി മാറ്റിയാണ് പൂക്കളുടെ വിസ്മയം തീർക്കുന്ന മിറാക്കിൾ ഗാർഡൻ നമ്മുടെ മനം കവരുന്നത്. സൗന്ദര്യത്തിന്റെയും ഭാവനയുടെയും അതിരുകളില്ലാത്ത ലോകത്ത് മായാകാഴ്ചകളൊരുക്കുന്ന മിറാക്കിൾ ഗാർഡൻ ശരിക്കും ഒരു അത്ഭുതം തന്നെയാണ്. നെതർലാന്റ്സിലെ ക്യൂകൻഹോഫ് ഗാർഡനാണ് വലിപ്പം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഗാർഡനെങ്കിലും പൂക്കളുടെ എണ്ണത്തിൽ ദുബായ്  മിറാക്കിൾ ഗാർഡനാണ് മുന്നിൽ. ക്യൂകൻഹോഫിൽ 7 മില്യൺ പൂക്കൾ വിരിഞ്ഞുനിൽക്കുമെങ്കിൽ ദുബായ് മിറാക്കിൾ ഗാർഡനിൽ 50 മില്യൺ പൂക്കളാണ് വിരിയാറുള്ളത്.
2013 ലെ വാലന്റൈൻ ദിനത്തിന്റെ തലേന്നായി സിറ്റി ലാന്റ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റാണ് ദുബായിയുടെ പുതിയ ആകർഷണമായി മിറാക്കിൾ ഗാർഡൻ തുറന്നത്. ഓരോ വർഷവും പ്രത്യേക സീസണിലാണ് മിറാക്കിൾ ഗാർഡൻ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. മുൻവർഷങ്ങളിൽ ലക്ഷക്കണക്കിനാളുകളെ കൊതിപ്പിച്ച ഈ മിറാക്കിൾ ഗാർഡന്റെ പത്താം സീസണിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മൾട്ടി-സെൻസറി അനുഭവം വാഗ്ദാനം ചെയ്യുന്ന, ഇതുവരെ കണ്ടിട്ടില്ലാത്ത പുഷ്പ ഇൻസ്റ്റാലേഷനുകളാൽ പൂന്തോട്ടം അലങ്കരിച്ചിരിക്കുന്നു.
2021 നവംബർ ഒന്നിന് തുറന്ന മിറാക്കിൾ ഗാർഡൻ 2022 മെയ് 22 വരെ തുറന്നു പ്രവർത്തിക്കും. സാധാരണ ഗതിയിൽ മുതിർന്നവർക്ക് 55 ദിർഹമും കുട്ടികൾക്ക് 40 ദിർഹമുമാണ് പ്രവേശന ഫീസ്. ദുബായ് എക്സ്പോയുടെ സമയവുമായി ബന്ധപ്പെട്ടതിനാൽ ഈ വർഷം കൂടുതലാളുകൾ ഈ വിസ്മയം കാണാനെത്തുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ദുബായ് മിറാക്കിൾ ഗാർഡനിൽ 150 ദശലക്ഷത്തിലധികം പ്രകൃതിദത്ത പൂക്കളും 120 ലധികം ഇനങ്ങളിൽ നിന്നുള്ള ചെടികളും ഉണ്ട്, അവയിൽ ചിലത് അപൂർവവും ഗൾഫ് മേഖലയിൽ മറ്റൊരിടത്തും കൃഷി ചെയ്യാത്തതുമാണെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എമിറേറ്റ്സ് എ 380 ന്റെ മാതൃകയിൽ അഞ്ച് ലക്ഷം പുഷ്പങ്ങൾ കൊണ്ട് നിർമിച്ച് വിസ്മയ കാഴ്ച ഒരുക്കിയ ദുബായിലെ മിറാക്കിൾ ഗാർഡൻ സന്ദർശകരെ വിസ്മയിപ്പിച്ചിരുന്നു. വിമാനത്തിന്റെ അതേ വലിപ്പത്തിൽ ഒരുക്കിയ ലോകത്തിലെ ഏറ്റവും വലിയ പുഷ്പ മാതൃക കാണാൻ മിറാക്കിൾ ഗാർഡനിൽ ആയിരങ്ങളാണെത്തിയത്. സഞ്ചാരികളുടെ നയനങ്ങളെ വിസ്മയിപ്പിക്കുന്ന ഈ പുഷ്പ മാതൃക നാല് മാസം കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. 2.93 മീറ്റർ നീളത്തിൽ 10.82 മീറ്റർ ഉയരത്തിലായി തയാറാക്കിയ വിമാനത്തിന്റെ മാതൃകയിൽ ചലിക്കുന്ന എൻജിൻ ഫാനുകളുമുണ്ട്. ഇതിന് ഒരു ക്വിന്റൽ ഭാരമുണ്ട്. സൂര്യകാന്തി, സ്നാപ്ഡ്രാഗൺ തുടങ്ങയി ഏഴ് തരം പൂക്കൾ ഉപയോഗിച്ചാണ് മാതൃക തയാറാക്കിയത്. എമിറേറ്റ്സിന്റെ ലോഗോ ഒരുക്കാൻ മാത്രം 9000 പൂക്കൾ ഉപയോഗിച്ചു. ഒരു ലക്ഷം റോസാപ്പൂക്കൾ ഉപയോഗിച്ചാണ് ചിറക് തയാറാക്കിയത്. ദുബായ്  മിറാക്കിൾ ഗാർഡനിൽ പ്രവേശിക്കുമ്പോൾ, അത് സമാധാനത്തിന്റെയും ശാന്തിയുടയും കാൽപനിക ലോകത്തേക്ക് നടക്കുന്നത് പോലെയാണ് അനുഭവപ്പെടുക. നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം നിങ്ങളുടെ മനസ്സിനെ വ്യത്യസ്തങ്ങളായ നിറങ്ങളിലുള്ള പൂക്കളാൽ അലങ്കരിച്ചിരിക്കുന്ന മനോഹരമായ ലോകത്തേക്കാണ് ആനയിക്കുക.

Latest News