Sorry, you need to enable JavaScript to visit this website.

ഗര്‍ഭിണി എന്ന് പ്രചരിപ്പിച്ചവരെ നിയമപരമായി  നേരിടും-  ശരണ്യ മോഹന്‍

കൊച്ചി- കുറച്ചു ദിവസം മുമ്പ് സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ശരണ്യയുടെ ചിത്രം 'മൂന്നാമതും ഗര്‍ഭിണിയായി' എന്ന തലക്കെട്ടില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മാത്രമല്ല ചിത്രത്തിന് താഴെ ബോഡിഷെയ്മിങ് കമന്റുകളും മറ്റും വരികയുമുണ്ടായി. ഇപ്പോഴിതാ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിരിക്കുകയാണ് ശരണ്യ. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ശരണ്യയും ഭര്‍ത്താവ് അരവിന്ദും (സ്വാമി ബ്രോ). ഇപ്പോള്‍ ബോഡിഷെയ്മിങും, സൈബര്‍ ആക്രമണവും അതിരുകവിഞ്ഞ് വ്യാജവാര്‍ത്തകള്‍ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെയെത്തി.
അതിനാല്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ശരണ്യയും കുടുംബവും. ഓണ്‍ലൈന്‍  അഭിമുഖത്തിലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് ശരണ്യ വ്യക്തമാക്കിയിരിക്കുന്നത്.
ഗര്‍ഭിണിയാണെന്ന തരത്തില്‍ തലക്കെട്ടുകളിട്ട് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, ഇവര്‍ക്കെതിരെയാണ് പോലീസില്‍ കേസ് കൊടുത്തത്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് തീരുമാനം. ഇത്തരം വാര്‍ത്തകളിടുന്നവരേയും അതിന് മോശമായ കമന്റുകളുമായി വരുന്നവരേയുമൊക്കെ നന്നാക്കിക്കളയാമെന്ന ചിന്തയൊന്നുമില്ല, എങ്കിലും എത്തിക്‌സിനെ കുറിച്ച് ഓര്‍മ്മിപ്പിക്കാനായാണിതെന്ന് ശരണ്യ പറഞ്ഞു. 
 

Latest News