കോട്ടയം- അതിഥിതൊഴിലാളികളെ ഒറ്റപ്പെടുത്തരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കിഴക്കമ്പലം സംഘർഷത്തിൽ കിറ്റെക്‌സ് കമ്പനിയുടെ ഉൾപ്പടെയുള്ള വിഷയങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്നും കോടിയേരി പറഞ്ഞു. അതേസമയം കിഴക്കമ്പലത്ത് നടന്ന വിഷയത്തിൽ കിറ്റെക്‌സിനെ കടന്നാക്രമിച്ച് ഡി.വൈ.എഫ്.ഐ നേതാക്കൾ. കിഴക്കമ്പലത്ത് നടന്നത് നഗ്നമായ നിയമലംഘനമാണ്. ട്വന്റി ട്വന്റിക്കും, കിറ്റക്സിനും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് സെക്രട്ടറി വി.കെ. സനോജ് എന്നിവർ അറിയിച്ചു. കോട്ടയത്ത് വാർത്താ ലേഖകരോട് സംസാരിക്കവേയാണ് ഇരുവരുടെയും നിലപാടുകളിലുള്ള ഭിന്നത പുറത്തുവന്നത്.
കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് കോടിയേരി അറിയിച്ചു. സിൽവർ ലൈൻ ഉൾപ്പെടെ വികസന പദ്ധതികളെ പ്രതിപക്ഷം എതിർക്കുന്നു. ഇതിന് മുമ്പിൽ സർക്കാർ വഴങ്ങിയില്ല. ഇത് തുടരണമെന്നാണോ ആഗ്രഹിക്കുന്നത്.
വി.എസ് സർക്കാരിന്റെ കാലത്തെ തീരുമാനം ആണ്. ഉമ്മൻചാണ്ടി ഹൈസ്പീഡ് റെയിൽ വേണമെന്ന് പറഞ്ഞു. അരുവികൾ സംരക്ഷിക്കപ്പെടും. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറഞ്ഞ പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതിയെ കോൺഗ്രസും യു.ഡി.എഫും ബി.ജെ.പിയും ആണ് എതിർക്കുന്നത്. ജനങ്ങൾക്ക് പ്രയാസമുണ്ടാകും. സ്ഥലം നഷ്ടപ്പെടുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകും പുനരധിവസിപ്പിക്കും. സ്ഥലം ഉടമകളല്ല ഇപ്പോൾ എതിർക്കുന്നത്. ഇതിനു മുന്നിൽ കീഴടങ്ങിയാൽ കേരളം എന്ന് നന്നാകും?
രാഷ്ട്രീയ എതിർപ്പിനു മുന്നിൽ സർക്കാർ പദ്ധതി ഉപേക്ഷിക്കാൻ പാടില്ല. പദ്ധതി കേരളത്തിന്റെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്.
പദ്ധതി യാഥാർഥ്യമാക്കാൻ എല്ലാവരുടെയും പിന്തുണ സർക്കാരിന് ഉണ്ടാകണം. ശബരിമലയിൽ വിമാനത്താവളം സ്ഥാപിക്കണമെന്നാണ് സർക്കാർ തീരുമാനം. എതിർപ്പുകൾക്ക് മുന്നിൽ കീഴടങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ശബരിപാത വേണം എന്നാണ് സർക്കാർ നിലപാട്. വസ്തുതകൾ അറിയേണ്ട വർക്ക് സർക്കാരിനെ സമീപിക്കാം. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാകുന്നത് ഇടതുമുന്നണി ഭരിക്കുന്നതിനാലാണ്. എസ്.ഡി.പി.ഐ.യും ആർ.എസ്.എസും കൊലക്കത്തിയുമായി ഇറങ്ങിയിരിക്കുന്നു. കൊലപാതകത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയത് നേതാക്കളാണ് അവരും പിടിയിലാകും.
ഡി.വൈ.എഫ്.ഐ സെക്കുലർ മാർച്ച് 30 ന് 'മതതീവ്രവാദികളുടെ കൊലക്കത്തിക്ക്, മതനിരപേക്ഷതയാണ് മറുപടി' എന്ന മുദ്രാവാക്യം ഉയർത്തി ആലപ്പുഴയിൽ സെക്കുലർ മാർച്ച് നടത്താൻ ഡി.വൈ.എഫ് .ഐ തീരുമാനിച്ചു.
മണ്ണഞ്ചേരിയിൽനിന്നും ആരംഭിക്കുന്ന മാർച്ച് ആലപ്പുഴയിൽ സമാപിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്നും സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.
ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്നത് ബോധപൂർവമായ സംഭവമാണ്. ഇതിലൂടെ വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് കലാപ നീക്കമാണ് നടത്തിയത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ യുവാക്കൾ ജാഗരൂഗരാകണമെന്നും അവർ പറഞ്ഞു. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ജയ്ക് സി. തോമസ്, ജില്ലാ പ്രസിഡന്റ് കെ. ആർ അജയ്, ജില്ലാ സെക്രട്ടറി സജേഷ് ശശി എന്നിവർ പങ്കെടുത്തു.