വർഷങ്ങളായി തുടരുന്ന യുദ്ധങ്ങൾക്കും കഴിഞ്ഞ മൂന്നു വർഷത്തെ ഐ.എസ് വിരുദ്ധ പോരാട്ടത്തിനുമൊടുവിൽ തകർന്നു തരിപ്പണമായ ഇറാഖിന്റെ പുനർനിർമാണ പ്രക്രിയയിൽ ഭാഗഭാക്കാവാൻ ലോക രാഷ്ടങ്ങളെയും സ്വകാര്യ നിക്ഷേപകരെയും ധനകാര്യ സഹായ ഏജൻസികളെയുമെല്ലാം ഇറാഖ് ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്.
തൊഴിലില്ലായ്മ രൂക്ഷമാകുന്നുവെന്നതിനാൽ സ്വദേശിവൽക്കരണം ശക്തമാക്കണമെന്നും 12 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നുമുള്ള സൗദി തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. അലി അൽഗഫീസിന്റെ ആവർത്തിച്ചുള്ള പ്രസ്താവന വിദേശികളുടെ തൊഴിൽനഷ്ട തോത് വരും ദിനങ്ങളിൽ കൂടുമെന്നതിന്റെ സൂചനയാണ്. വ്യാപാര രംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കാൻ സ്വദേശിവൽക്കരണ നടപടികളിൽ ഇളവുകൾ തേടിയ രാജ്യത്തെ 28 ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി അസന്ദിഗ്ധമായി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതിനർത്ഥം വിദേശികൾ പുതിയ മേച്ചിൽപുറങ്ങൾ തേടാൻ ഇനിയും വൈകരുതെന്നാണ്. ഇത് സൗദിയുടെ മാത്രം കാര്യമല്ല, ലക്ഷക്കണക്കിന് വിദേശികൾ ജോലി ചെയ്യുന്ന മറ്റ് ഗൾഫ് രാജ്യങ്ങളും സ്വന്തം പൗരന്മാർക്ക് ജോലി ലഭ്യമാക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഇത് വിദേശികളുടെ, പ്രത്യേകിച്ച് മലയാളികളായ തൊഴിൽ രഹിതരുടെ എണ്ണം കൂട്ടും. കേരളത്തിലേക്ക് മടങ്ങി എന്തെങ്കിലും തൊഴിലെടുത്തോ നിക്ഷേപം നടത്തിയോ ജീവിക്കുക പ്രായോഗികമല്ലെന്ന തോന്നലാണ് അധിക പ്രവാസികൾക്കുമുള്ളത്. അതേ സമയം കേരളത്തിനു പുറത്ത് ലോകത്തിന്റെ ഏതു കോണിൽ പോയും ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ അവർ മിടുക്കരുമാണ്. അപ്പോൾ പുതിയൊരു മേച്ചിൽപുറം നാം കണ്ടെത്തേണ്ടിയിരിക്കുന്നു. വരും നാളുകളിൽ അത് ഇറാഖായി മാറാനുള്ള സാധ്യതകൾ ഏറെയാണ്.
വർഷങ്ങളായി തുടരുന്ന യുദ്ധങ്ങൾക്കും കഴിഞ്ഞ മൂന്നു വർഷത്തെ ഐ.എസ് വിരുദ്ധ പോരാട്ടത്തിനുമൊടുവിൽ തകർന്നു തരിപ്പണമായ ഇറാഖിന്റെ പുനർനിർമാണ പ്രക്രിയയിൽ ഭാഗഭാക്കാവാൻ ലോക രാഷ്ടങ്ങളെയും സ്വകാര്യ നിക്ഷേപകരെയും ധനകാര്യ സഹായ ഏജൻസികളെയുമെല്ലാം ഇറാഖ് ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച കുവൈത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഡോണേഴ്‌സ് ഫോറത്തിൽ 76 രാജ്യങ്ങളും നൂറുകണക്കിന് നിക്ഷേപകരും നിരവധി ധനകാര്യ സ്ഥാപനങ്ങളും സംഘടനകളും പങ്കെടുത്തിരുന്നു. 3000 കോടി ഡോളറിന്റെ സഹായ വാഗ്ദാനമാണ് ഈ ഫോറത്തിൽ ഇറാഖിന് ലഭിച്ചതെന്ന് ഫോറത്തിന്റെ സംഘാടകരായ കവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് സ്വബാഹ് അൽ ഖാലിദ് അറിയിച്ചു. പുനർനിർമാണ പ്രക്രിയക്ക് ഇറാഖിന് ആവശ്യമായുള്ളത് 9000 കോടി ഡോളറാണ്. ഇറാഖിൽ വൻ നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളുമാണ് വരാൻ പോകുന്നതെന്നതിന്റെ സൂചനയാണിത്. ഇറാഖിനെ സഹായിക്കുന്നതിൽ എല്ലാവരും കൈകോർത്തിരിക്കുന്നുവെന്നതും ശുഭസൂചനയാണ് നൽകുന്നത്.
സൗദി അറേബ്യ 150 കോടി ഡോളർ സഹായമാണ് വാഗ്ദാനം ചെയ്തിതിരിക്കുന്നത്. 100 കോടി നിക്ഷേപവും 100 കോടി വായ്പയുമായി കുവൈത്ത് 200 കോടി ഡോളറിന്റെ സഹായ വാഗ്ദാനമാണ് നൽകിയത്. യു.എ.ഇ 450 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തുക. ഇതിനു പുറമെ 50 കോടിയുടെ സഹായ വാഗ്ദാനവുമുണ്ട്. നിക്ഷേപവും വായ്പയുമായി തുർക്കി 500 കോടി ഡോളറിന്റെ വാഗ്ദാനം നൽകിയിട്ടുണ്ട്. ബ്രിട്ടൺ പ്രതിവർഷം 100 കോടി ഡോളർ വീതം 10 വർഷം തുടർച്ചയായി കയറ്റുമതി വായ്പ വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്ക 300 കോടി സഹായത്തിന്റെ ധാരണാപത്രമാണ് ഒപ്പിട്ടിട്ടുള്ളത്.
അടുത്ത പത്ത് വർഷത്തിനിടെ ഇറാഖിൽ നടക്കാൻ പോകുന്ന പുനർനിർമാണ പ്രക്രിയക്ക് തങ്ങൾക്കു വേണ്ടത് 8820 കോടി ഡോളറാണെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ ജഅഫരി ഫോറത്തിൽ വ്യക്തമാക്കിയിരുന്നു. സമാധാന അന്തരീക്ഷം പൂർണ തോതിലായാൽ ഇറാഖ് അതിന്റെ പ്രതാപം വീണ്ടെടുക്കുമെന്നും അത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നിക്ഷേ പാവസരം തുറന്നുകൊടുക്കുമെന്നും അതുവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഉറപ്പാണ്.
ഊർജം, എണ്ണ, ഗതാഗതം, പാർപ്പിടം, അടിസ്ഥാന സൗകര്യം തുടങ്ങി വിവിധ മേഖലകളിലായി നൂറുകണക്കിന് പദ്ധതികളാണ് ഇറാഖ് മുന്നോട്ടു വെക്കുന്നത്. പദ്ധതികളിൻമേലുള്ള ഉടമസ്ഥാവകാശം, നിയന്ത്രണ വിധേയമല്ലാതെയുള്ള കാഷ് ഇടപാടുകൾ നികുതി ഇളവുകൾ തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളുടെ വാഗ്ദാനവുമുണ്ട്. നല്ല റിസ്‌കുള്ളതുപോലെ തന്നെ നല്ല ലാഭം പ്രതീക്ഷിക്കാമെന്നാണ് ഇറാഖ് നാഷണൽ ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ ചെയർമാൻ സമി അൽ അരാജി പറയുന്നത്.
മൗസ് നഗരത്തിലെ തകർന്നടിഞ്ഞ വീടുകളുടെ നിർമാണത്തിനു മാത്രം 1700 കോടി ഡോളർ ആവശ്യമാണ്. മൗസിലിൽ മാത്രം 40,000 വീടുകൾ പുനർനിർമിക്കേണ്ടതുണ്ടെന്നാണ് യു.എൻ. കണക്കുകൾ വെളിപ്പെടുത്തുന്നത്. ഐ.എസ് വിരുദ്ധ പോരാട്ടത്തിനിടെ 50 ലക്ഷത്തിലേറെ പേർ ഭവനരഹിതരായിട്ടുണ്ട്. സ്‌കൂളുകൾ, ആശുപത്രികൾ, കുടിവെള്ള പദ്ധതികൾ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വേറെയുമുണ്ട്. ഈ മേഖലകളിലെല്ലാം നിക്ഷേപം നടത്തിയും തൊഴിലെടുത്തും പരിചയ സമ്പന്നരായ മലയാളികൾ ഇങ്ങോട്ട് ശ്രദ്ധ തിരിച്ചാൽ ഇറാഖിന്റെ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാവുന്നതോടൊപ്പം നേട്ടങ്ങൾ കൊയ്യാനും കഴിയും. ഗൾഫ് യുദ്ധവേളയിൽ പോലും ഇറാഖിൽ പോയി ജോലി ചെയ്തിട്ടുള്ളവരാണ് മലയാളികൾ. ഇന്നു കാണുന്ന ഗൾഫിന്റെ വികസന പ്രക്രിയകളിലെല്ലാം പങ്കാളികളായിട്ടുള്ളവരുമാണവർ. അതുകൊണ്ട് ഇറാഖിൽ തുറന്നു കിട്ടിയിട്ടുള്ള പുതിയ അവസരങ്ങൾ നിലവിലെ ആശങ്കകൾക്ക് വിരാമമിടാൻ സഹായിക്കുമെന്നു വേണം കരുതാൻ.






