Sorry, you need to enable JavaScript to visit this website.

ആശങ്ക പരിഹരിക്കാതെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല-കുഞ്ഞാലിക്കുട്ടി

കണ്ണൂർ - പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങളും ആശങ്കകളും  പരിഹരിക്കാതെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
പദ്ധതികൾ നടപ്പാക്കാനുള്ള നിശ്ചയദാർഢ്യമൊക്കെ നല്ലതു തന്നെ. അതിനെ ആരും എതിർക്കുന്നില്ല. പ്രതിപക്ഷം വികസനത്തിന് എതിരല്ല. പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഇതിന്റെ വരും വരായ്കകൾ സംബന്ധിച്ച് പ്രതിപക്ഷം സംശയം ഉയർത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് ഒരു ചർച്ചയ്ക്കും സർക്കാർ തയ്യാറായിട്ടില്ല. ചർച്ച ചെയ്യാതെ എങ്ങിനെ പ്രശ്‌നങ്ങൾ മനസിലാക്കാനാവും. ഇതിന് തയ്യാറാകാതെ പ്രതിപക്ഷത്തെയും സമൂഹത്തെയും വെല്ലുവിളിക്കുകയാണ് സർക്കാർ. രാഷ്ട്രീയത്തിന് അതീതമായി പാരിസ്ഥിതികവും, സാമ്പത്തികവുമായ നിരവധി പ്രശ്‌നങ്ങൾ ഈ പദ്ധതിക്ക് പിന്നിലുണ്ട്. ഇത് ബോധ്യപ്പെടുത്താതെ പദ്ധതിക്ക് അനുകൂല നിലപാട് എടുക്കാനോ, പിൻതുണ നൽകാനോ സാധ്യമല്ല.- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വഖഫ് പ്രശ്‌നത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ലീഗ് തയ്യാറല്ല. വഖഫ് സ്വത്തുക്കൾ വിശ്വസപരമായി ദാനം  ചെയ്യപ്പെട്ടവയാണ്. പള്ളികളും വ്യക്തികളും നൽകുന്നവയാണ് വഖഫ് സ്വത്തുക്കൾ. ഇതിന്റെ പവിത്രത കാത്തു സൂക്ഷിക്കണം. സ്വതന്ത്രമായി വിനിമയം ചെയ്യാൻ കഴിയണം. ഇത് ഭരണഘടനാപരമായ അവകാശമാണ്. അതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും സന്നദ്ധമല്ല. വഖഫ് വിഷയത്തിൽ പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എങ്കിൽ ഈ വിഷയം ചർച്ച ചെയ്ത് പരിഹരിക്കണം. ഇത് വിഭാഗീയ വിഷയ മോ പാർട്ടി വിഷയമോ അല്ല. ഇത് ആരു പറഞ്ഞാലും അംഗീകരിക്കാനാവില്ല. രാഷ്ട്രീയ വിഷയങ്ങൾക്ക് രാഷ്ട്രീയമായി മറുപടി പറയും. അവരുടെ അജണ്ട അവർ തീരുമാനിക്കട്ടെ, ഞങ്ങളുടെ അജണ്ട ഞങ്ങൾ പറയും. - കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
         'മുസ് ലിം ലീഗിനെ വർഗീയമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് സി.പി.എം ഉൾപ്പെടെയുള്ളവർ നടത്തുന്നത്. കേരളത്തിന്റെ മതേതര സംവിധാനം ഉൾപ്പെടെയുള്ള മുഴുവൻ പുരോഗമനത്തിലും മുസ് ലിം ലീഗിന്റെ സംഭാവന ഒരാൾക്കും അവഗണിക്കാനാവില്ല.  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരളത്തിന്റെ മതേതര മുഖം ഇത്രയേറെ മനോഹരമായതിന് പിന്നിൽ ലീഗിന്റെ സംഭാവന ചെറുതല്ല. ഇത് കുറച്ചു കാണുകയും വേണ്ട. വർഗ്ഗീതയിലൂന്നിയ രാഷ്ട്രീയ പ്രവർത്തനമാണോ, മതേതര കാഴ്ചപ്പാട് ആണോ വേണ്ടത് എന്നതാണ് ചോദ്യം. ഇതിന് കേരളത്തിൽ തുടക്കം മുതൽ പ്രവർത്തനങ്ങളിലൂടെ  ഉത്തരം കൊടുത്തു കൊണ്ടിരിക്കുന്ന പാർട്ടിയാണ് മുസ് ലിം ലീഗ്. മതേതരമെന്നത് മതനിഷേധമല്ല. സി.പി.എം ഉൾപ്പെടെയുള്ള കമ്യുണിസ്റ്റ് പാർട്ടികൾക്ക് ഇത് കൃത്യമായി മനസിലാവണമെന്നില്ല. മതേതര വിഷയവുമായി ബന്ധപ്പെടുത്തി ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നവർ ഒരു കാര്യം ഓർക്കണം. ലീഗ് ഇല്ലാതായാൽ, ആലപ്പുഴ മോഡലിൽ പ്രവർത്തിക്കുന്നവരാണ് ആ സ്ഥാനത്ത് എത്തുക എന്ന കാര്യം. ലീഗ് മതേതരമാണോ എന്ന കാര്യം പറയാതെ തന്നെ കേരളത്തിന്റെ അന്തരീക്ഷത്തിൽ ഉണ്ട്. - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest News