Sorry, you need to enable JavaScript to visit this website.

കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ  സൗദിവൽക്കരണം വ്യാഴാഴ്ച മുതൽ

റിയാദ് - മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചതു പ്രകാരം കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ വ്യാഴാഴ്ച മുതൽ സൗദിവൽക്കരണം നിർബന്ധമാകും. കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ മൊത്തത്തിൽ 70 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. എന്നാൽ ജനറൽ മാനേജർ, ഗവൺമെന്റ് റിലേഷൻസ് ഓഫീസർ, ട്രാൻസ്‌ലേറ്റർ, കസ്റ്റംസ് ക്ലിയറൻസ് ഉദ്യോഗസ്ഥൻ, കസ്റ്റംസ് ക്ലിയറൻസ് ബ്രോക്കർ എന്നിവ അടക്കം ഈ മേഖലയിലെ ചില തൊഴിലുകൾ 100 ശതമാനം സൗദിവൽക്കരിക്കണം. 
കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ രണ്ടായിരത്തിലേറെ തൊഴിലുകൾ സൗദിവൽക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മേഖലയിൽ  സ്വദേശികളുടെ മിനിമം വേതനം 5,000 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പ്രൊഫഷൻ മാറ്റം, സ്‌പോസർഷിപ്പ് മാറ്റം, പുതിയ വിസകൾ അനുവദിക്കൽ, വർക്ക് പെർമിറ്റ് പുതുക്കൽ എന്നീ സേവനങ്ങൾ വിലക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
എൻജിനീയറിംഗ്, സാങ്കേതിക മേഖലയിലും വ്യാഴ്ച മുതൽ സൗദിവൽക്കരണം നിർബന്ധമാക്കും. ഈ മേഖലയിൽ 25 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. ഈ മേഖലയിൽ തൊഴിൽ തേടുന്ന സ്വദേശികൾ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ നിന്ന് പ്രൊഫഷനൽ അക്രെഡിറ്റേഷൻ നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സൗദിവൽക്കരിക്കാൻ ലക്ഷ്യമിടുന്ന എൻജിനീയറിംഗ്, സാങ്കേതിക തൊഴിലുകളിൽ അഞ്ചും അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് സൗദിവൽക്കരണ തീരുമാനം ബാധകം. ഈ മേഖലയിലും സൗദി ജീവനക്കാരുടെ മിനിമം വേതനം 5,000 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. സൗദിവൽക്കരണത്തിലൂടെ ഈ മേഖലയിൽ 12,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഡ്രൈവിംഗ് സ്‌കൂൾ സൗദിവൽക്കരണവും വ്യാഴം മുതൽ നിലവിൽവരുമെന്ന് റിപ്പോർട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂൾ മേഖലയിൽ 2021 ഒക്‌ടോബർ മൂന്നു മുതൽ സൗദിവൽക്കരണം നടപ്പാക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഡ്രൈവിംഗ് പരിശീലകന്റെ മിനിമം വേതനം 5,000 റിയാലായി മന്ത്രാലയം നിർണയിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകളിലെ വിദേശ തൊഴിലാളികൾ ആകെ ജീവനക്കാരുടെ 10 ശതമാനത്തിൽ കവിയരുതെന്ന് വ്യവസ്ഥയുണ്ട്.
 

Latest News