വന്‍ നഗരങ്ങളില്‍ അടുത്ത വര്‍ഷം 5ജി ലഭിക്കുമെന്ന് ടെലികോം മന്ത്രാലയം

ന്യൂദല്‍ഹി- രാജ്യത്തെ വന്‍ നഗരങ്ങളില്‍ അടുത്ത വര്‍ഷം 5ജി ഇന്റര്‍നെറ്റ് ലഭ്യമായിത്തുടങ്ങുമെന്ന് ടെലികോം മന്ത്രാലയം. ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു, അഹ്‌മദാബാദ്, പുനെ, ഗുഡ്ഗാവ് തുടങ്ങിയ നഗരങ്ങളിലായിരിക്കും ആദ്യ ഘട്ടം 5ജി എത്തുക. 2022 മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ 5ജി സ്‌പെക്ട്രം ലേലം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം. ലേലം സംബന്ധിച്ച് കഴിഞ്ഞ സെപ്തംബറില്‍ മന്ത്രാലയം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശങ്ങള്‍ തേടിയിരുന്നു. തുടര്‍ന്ന് ട്രായ് ടെലികോം വ്യവസായ രംഗത്തുള്ളവരുമായി ചര്‍ച്ചകളും ആരംഭിച്ചിരുന്നു.

നിലവില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വി എന്നീ കമ്പനികള്‍ ദല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു, അഹ്‌മദാബാദ്, പുനെ, ഗുഡ്ഗാവ്, ചണ്ഡീഗഢ്, ജാംനഗര്‍, ലഖ്‌നൗ, ഗാന്ധിനഗര്‍ എന്നീ നഗരങ്ങളില്‍ 5ജി പരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ നഗരങ്ങളിലായിരിക്കും അടുത്തം വര്‍ഷം രാജ്യത്തെ ആദ്യ 5ജി സേവനം ലഭിച്ചുതുടങ്ങുക എന്നും ടെലികോം മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
 

Latest News