Sorry, you need to enable JavaScript to visit this website.

മദര്‍ തരേസയുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചു; ഞെട്ടിപ്പിച്ചെന്ന് മമത

കൊല്‍ക്കത്ത- മദര്‍ തരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ക്രിസ്മസ് നാളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി ഞെട്ടിപ്പിച്ചെന്നും അവര്‍ പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ പരിചരണത്തിലുള്ള 22000 രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇതോടെ ഭക്ഷണവും മരുന്നും മുട്ടിയിരിക്കുകയാണെന്നും മമത ട്വീറ്റ് ചെയ്തു. നിയമമാണ് പരമപ്രധാനമെങ്കിലും മാനവിക പ്രവര്‍ത്തനങ്ങളെ ഒരിക്കലും മുടക്കരുതെന്നും അവര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മിഷനറീസ് ഓഫ് ചാരിറ്റി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അക്കൗണ്ടുകള്‍ എന്തിന് മരവിപ്പിച്ചു എന്നതിന് കേന്ദ്ര സര്‍ക്കാരും വിശദീകരണം നല്‍കിയിട്ടില്ല.

ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും ഹരിയാനയിലും അസമിലും ഈയിടെ ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് പുതിയ സംഭവം. ഗുജറാത്തില്‍ മിഷനറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ നടത്തുന്ന അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ കുരിശ് അണിയാനും ബൈബിള്‍ വായിക്കാനും നിര്‍ബന്ധിച്ചെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതായി ഈയിടെ എഎഫ്പി റിപോര്‍ട്ട് ചെയ്തിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതരുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ഡിസ്ട്രിക്ട് സോഷ്യല്‍ ഓഫീസര്‍ മായങ്ക് ത്രിവേദി പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ താമസിപ്പിച്ച കേന്ദ്രത്തില്‍ നിന്ന് 13 ബൈബിളുകള്‍ കണ്ടെത്തിയതായും പരാതിയിലുണ്ട്.
 

Latest News