ജിസാൻ- ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ എസ് എൻ താക്കൂറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘം കഴിഞ്ഞ ദിവസം ജിസാൻ സെൻട്രൽ ജയിലും നാടു കടത്തൽ കേന്ദ്രവും സന്ദർശിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ട 11 മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യക്കാർ ആണ് ജിസാൻ സെൻട്രൽ ജയിലിൽ കഴിയുന്നത്. ഇവരിൽ യു പി 5, വെസ്റ്റ് ബംഗാൾ 3, തമിഴ്‌നാട് 2, രാജസ്ഥാൻ, തെലങ്കാന, ത്രിപുര, പഞ്ചാബ്,ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഓരോ പേര് അടക്കം 27 പേരാണ് ജയിലുകളിൽ ശിക്ഷ അനുഭവിച്ചു കഴിയുന്നത്.
നിരോധിത ഇല യായ 'ഖാത്ത്'കടത്തൽ കേസിലാണ് കൂടുതൽ പേരും പിടിക്കപ്പെട്ടതെങ്കിലും മദ്യ ഉപയോഗം, മദ്യ വില്പന, കൊലക്കുറ്റം, ഹഷീഷ്, ഹവാല, സ്ത്രീ പീഡനം, ഡ്യൂപ്ലിക്കേറ്റ് ഇഖാമ നിർമ്മാണം, നിരോധിത വീഡിയോ ഷെയർ ചെയ്യൽ തുടങ്ങിയ കേസുകളിലും ശിക്ഷ അനുഭവിക്കുന്നവർ കൂട്ടത്തിലുണ്ട്.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അസീം അൻസാരി, കമ്മ്യൂണിറ്റി വെൽഫയർ മെമ്പറും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായി, സി.സി. ഡബ്യു.എ അംഗങ്ങളായ മുഖ്താർ, സയ്യിദ് കാശിഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
താമസ രേഖ പുതുക്കാത്തവരും, ഹുറൂബ് കേസുകാരും ഉൾപ്പെടെ ഡീപ്പോർട്ടേഷൻ സെന്ററിൽ കഴിയുന്ന 29 ഇന്ത്യക്കാരിൽ പാസ്‌പോർട്ട് ഇല്ലാത്തവർക്ക് എമർജൻസി പാസ്‌പോർട്ട് അനുവദിക്കുന്നതിനുള്ള രേഖകൾ സംഘം ശേഖരിച്ചു. സെൻട്രൽ ജയിൽ മേധാവി ഫൈസൽ അബ്ദു ഷഅബി, ഡിപ്പോർട്ടേഷൻ സെന്റർ (തർഹീൽ ) ഉപ മേധാവി സഅദ് അലി ശഹരി എന്നിവരുമായി ചർച്ച നടത്തിയ കോൺസൽ സംഘം ശിക്ഷ കാലാവധി കഴിഞ്ഞ തടവുകാരുടെ മോചനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു.
ജിസാന് പുറത്തെ വിദൂര പ്രവിശ്യകളിൽ നിന്ന് റെന്റ് എ കാറുമായി വന്ന് ഖാത്ത് കടത്തൽ പതിവാക്കുന്നവർ പിടിക്കപ്പെട്ടാൽ ശിക്ഷാ കാലാവധി കഴിഞ്ഞാലും അവരിൽ നിന്ന് പിടിക്കപ്പെട്ട വാഹനവുമായി ബന്ധപ്പെട്ട കേസുകൾ നില നിൽക്കുന്നതിനാൽ മോചനം അനന്തമായി വൈകുകയാണ്.
പെട്ടെന്ന് പണം നേടാമെന്ന വ്യാമോഹവും പിടിക്കപ്പെട്ടാൽ രക്ഷപ്പെടുത്താമെന്ന ഏജന്റുമാരുടെ പൊള്ളയായ വാഗ്ദാനവുമാണ് ഇടനിലക്കാരായി പ്രവർത്തിക്കാൻ പലരെയും പ്രേരിപ്പിക്കുന്നതെന്നും കോൺസൽ പറഞ്ഞു. താമസിക്കുന്ന രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.