Sorry, you need to enable JavaScript to visit this website.

പരവൂരിൽ പ്ലസ്‌വൺ വിദ്യാർഥിക്ക് എക്‌സൈസിന്റെയും പോലിസിന്റെയും ക്രൂരമർദ്ദനം 

കൊല്ലം- പരവൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് എക്‌സൈസിന്റെയും പോലിസിന്റെയും  ക്രൂരമർദനമെന്ന് പരാതി. കുറുമണ്ടൽ കല്ലുംകുന്നിൽ രേഖഭവനിൽ വിപിനെയാണ് പോലീസ്- എക്‌സൈസ് സംഘങ്ങൾ സംയുക്തമായി നടത്തിയ വാഹനപരിശോധനയ്ക്കിടെ മർദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്  5 മണിയോടെ യായിരുന്നു സംഭവം.ശബരിമലദർശനം കഴിഞ്ഞ് എത്തിയ വിപിൻ സഹപാഠിക്ക് അരവണ പായസം നൽകാനായി സ്‌കൂട്ടറിൽ പോയപ്പോൾ എക്‌സെസ് സംഘവും പരവൂർ പോലീസും സംയുക്തമായി നടത്തിയ വാഹനപരിശോധേനയ്ക്ക് മുന്നിലെത്തിയത്. ലൈസൻസ് ഇല്ലാത്തതിനാൽ പോലീസിനെ കണ്ട് വാഹനം മുന്നോട്ട് ഓടിക്കുകയായിരുന്നു വിപിൻ. ഉടനെ എക്‌സെസ് വാഹനം വിപിന്റെ മുന്നിലായി  നിർത്തി. ഇരുചക്ര വാഹനത്തിൽ നിന്ന് ഇറക്കിയ പോലീസ് വിപിന്റെ മുഖത്ത് അടിക്കുകയും കൈമുട്ട്‌കൊണ്ട് മുതുകത്തും ഇടിക്കുകയും ചെയ്തു. താഴെവീണ വിപിനെ നിലത്തിട്ട് ചവിട്ടുകയും ഷർട്ട് വലിച്ചു കീറുകയും ഉടുമുണ്ട് ഊരി പരിശോധിക്കുകയും ചെയ്‌തെന്നാണ് വിപിന്റെയും വീട്ടുകാരുടെയും പരാതി. കഞ്ചാവ് എവിടെയെന്ന് ചോദിച്ചായിരുന്നു മർദിച്ചതെന്നും വിപിൻ പറഞ്ഞു. വിപിന്റെ പക്കൽ നിന്ന് ഒന്നും കണ്ടത്താൻ കഴിയാത്തതോടെ ലൈസൻസില്ലെന്ന കാരണത്താൽ  വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ് സംഘം മടങ്ങി. ഇതിനിടെ  ബന്ധുക്കളും നാട്ടുകാരും ചേർന്ന് വിപിനെ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകി.  വിപിന്റെ പിതാവ് സുജിത്തും മാതാവ് രേഖയും ഇതു സംബന്ധിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

Latest News