തേജസ്വിയുടെ വിവാഹം ഇതര ജാതിയില്‍ നിന്ന്; ആര്‍ജെഡി ഇനി ജാതി സെന്‍സസ് ആവശ്യം ഉപേക്ഷിക്കണമെന്ന് ബിഹാര്‍ മന്ത്രി

പട്‌ന- ആര്‍ജെഡി നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് വിവാഹം ചെയ്തത് ഇതര ജാതിയില്‍ നിന്നായതിനാല്‍ ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം പിന്തിരിയണമെന്ന് ബിഹാര്‍ പഞ്ചായത്തി രാജ് മന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി. ഇനി രക്ഷിതാക്കളുടെ ജാതിയിലാണോ ഭാര്യയുടെ ജാതിയിലാണോ എന്ന് തേജസ്വിയോട് ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ബാല്യകാല സുഹൃത്തായ റേച്ചല്‍ ഐറിസിനെ ആഴ്ചകള്‍ക്ക് മുമ്പാണ് തേജസ്വി വിവാഹം ചെയ്തത്. റേച്ചലിന്റെ പുതിയ പേര് രാജശ്രീ എന്നാണ്. 

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവും മന്ത്രിയുടെ പാര്‍ട്ടായയ ബിജെപിയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രി സാമ്രാട്ട് ചൗധരി തേജസ്വിയുടെ ജാതിയെ കുറിച്ച് ചോദിക്കണമെന്ന് പ്രതികരിച്ചത്. ബിജെപി സഖ്യകക്ഷിയായ ജെഡിയുവും പ്രതിപക്ഷമായ ആര്‍ജെഡിയും ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യത്തില്‍ ഏക നിലപാടുകാരാണ്. 

സംസ്ഥാന നിയമസഭ രണ്ടു തവണയാണ് ജാതി സെന്‍സസിനെ പിന്തുണച്ച് പ്രമേയങ്ങള്‍ പാസാക്കിയത്. ഈ പ്രമേയത്തെ ബിജെപി പിന്തുണച്ചിരുന്നെങ്കിലും ജാതി സെന്‍സസ് നടത്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി നിലപാടെടുത്തത് ബിഹാറില്‍ ബിജെപിയെ വെട്ടിലാക്കിയിരുന്നു.
 

Latest News