ക്രിസ്ത്യാനികള്‍ മാത്രം ആഘോഷിച്ചാല്‍ മതി; അസമില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ചര്‍ച്ചിലെ ക്രിസ്മസ് ആഘോഷം തടഞ്ഞു

ഗുവാഹത്തി- ക്രിസ്മസ് ആഘോഷങ്ങളില്‍ ഹിന്ദുക്കള്‍ക്ക് പങ്കെടുക്കാന്‍ പാടില്ലാത്തത് കൊണ്ട് ക്രിസ്മസ് ആഘോഷങ്ങള്‍ നിര്‍ത്തി ചര്‍ച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ തീവ്രവാദ സംഘടനയായ ബജ്‌റംഗ് ദള്‍ ഗുണ്ടകള്‍ അസമിലെ സില്‍ചറില്‍ ആഘോഷം തടഞ്ഞു. ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ തങ്ങള്‍ക്കു പ്രശ്‌നമില്ലെന്നും എന്നാല്‍ ഹിന്ദുക്കളെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ബിജെപി പിന്തുണയുള്ള ഗുണ്ടകളുടെ വിളയാട്ടം. ഹിന്ദുക്കള്‍ക്ക് ഡിസംബര്‍ 25 തുള്‍സി ദിവസ് ആണ്. അവരെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു. 

ഹിന്ദു ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്രിസ്മസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും. ഇന്ന് തുള്‍സി ദിവസ് ആയിട്ട് ആരും ആഘോഷിക്കുന്നില്ല. ഇത് ഞങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു. എല്ലാവരും ക്രിസ്മസ് ആശംസകളാണ് പറയുന്നത്. എങ്ങനെ നമ്മുടെ മതം അതിജീവിക്കും? - സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വിഡിയോയില്‍ ഗുണ്ടാ സംഘത്തിലെ ഒരാള്‍ ഇങ്ങനെ പറയുന്നതായി കേള്‍ക്കാം. 

സംഭവത്തില്‍ പോലീസിന് പരാതി ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. ഇതൊരു ചെറിയ വഴക്കായിരുന്നെന്നും സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്നും പോലീസ് പറഞ്ഞു.
 

Latest News