ലോകത്ത് ഏറ്റവും വേഗത  കുറഞ്ഞ 4ജി ഇന്ത്യയില്‍

ന്യൂദല്‍ഹി- മുകേഷ് അംബാനിയുടെ ജിയോ വന്നതോടെ ഇന്ത്യയില്‍ ഒരു 4ജി വിപ്ലവം നടന്നു എന്നാണ് പൊതുസംസാരം. മറ്റു പലകമ്പനികളും 4ജി അവതരിപ്പിക്കുകയും നിരക്കുകള്‍ വെട്ടിക്കുറച്ച് മത്സരം കടുപ്പിക്കുകയും ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് നേട്ടമുണ്ടായി എന്നതൊഴിച്ചാല്‍ ഈ നാലാം തലമുറ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ ശരാശരി വേഗതയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് എന്നതാണ് വസ്തുത. ലോകത്തു തന്നെ ഏറ്റവും പിറകില്‍. 

പാക്കിസ്ഥാന്‍, അള്‍ജീരിയ, കസാഖിസ്ഥാന്‍, തുനീഷ്യ എന്നീ രാജ്യങ്ങള്‍ പോലും മെച്ചപ്പെട്ട ടെലികോം ശൃംഖലയുള്ള ഇന്ത്യയ്ക്കു മുന്നിലാണ്. മൊബൈല്‍ അനലിറ്റിക്സ് കമ്പനി ഓപണ്‍ സിഗനലിന്റെ റിപ്പോര്‍ട്ടാണ് ഇതു പറയുന്നത്. ആറു ഭൂഖണ്ഡങ്ങളിലെ 88 രാജ്യങ്ങളിലെ ശരാശരി 4ജി ഡൗണ്‍ലോഡ് സ്പീഡ് എടുത്താല്‍ ഏറ്റവും കുറവ് ഇന്ത്യയിലാണ്. 

ഇന്ത്യയിലെ ശരാശരി 4ജി വേഗത 6 എംബിപിഎസ് (ശരിയായ വേഗത ഇതിലും കുറയാം) ആയാണ് കണക്കാക്കിയിരിക്കുന്നത്. അതേസമയം പാക്കിസ്ഥാനിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ 14 എംബിപിഎസ് വേഗതിയിലാണ് 4ജി ആസ്വദിക്കുന്നത്. ഏറ്റവും അവസാനമെത്തിയ ഇന്ത്യയുടെ തൊട്ടുമുകളിലുള്ള അള്‍ജീരയില്‍ വരെ ശരാശരി 9 എംബിപിഎസ് വേഗത ലഭിക്കുന്നുണ്ട്.

ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ ലോകത്ത് ഏറ്റവും വേഗതയേറിയ 4ജി ഇന്റര്‍നെറ്റ് സിങ്കപൂരിലാണ്. 44 എംബിപിഎസ് ആണ് ഇവിടുത്തെ ശരാശരി വേഗത. സിങ്കപൂരിനെ കൂടാതെ നെതര്‍ലാന്‍ഡ് (42), നോര്‍വെ (41), ദക്ഷിണ കൊറിയ (40), ഹംഗറി (39) എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്. 

മികച്ച ടെലികോം ശൃംഖലകളുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വേഗതയേറിയ 4ജി യുഎഇയിലാണ്. 28 എംബിപിഎസ് ആണ് ഇവിടത്തെ ശരാശരി വേഗത. ജപ്പാന്‍ (25), ബ്രിട്ടണ്‍ (23), യുഎസ് (16), റഷ്യ (15), പാക്കിസ്ഥാന്‍ (14) എന്നിങ്ങനെ പോകുന്ന പട്ടികയില്‍ ഏറ്റവുമൊടുവില്‍ 88-ാം സ്ഥാനത്താണ് ഇന്ത്യ.

Latest News