ബാലികയെ പീഡിപ്പിച്ച കേസില്‍ 25 വര്‍ഷത്തിന് ശേഷം ശിക്ഷ

പത്തനംതിട്ട- പന്ത്രണ്ടുകാരിയെ ചുരിദാര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി വടക്കന്‍ പറവൂരിലുള്ള ലോഡ്ജില്‍ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച പ്രതി 25 വര്‍ഷത്തിന്് ശേഷം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചു. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി നമ്പര്‍ ഒന്ന് ജഡ്ജ് ജയകുമാര്‍ ജോണാണ് വിധി പറഞ്ഞത്. പെണ്‍കുട്ടിയുടെ ബന്ധുവായ പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ കോട്ടപ്പുറം തെക്കുംപ്ലാക്കല്‍ വീട്ടില്‍ ജയചന്ദ്രനെയാണ് (57) പന്ത്രണ്ട് വര്‍ഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കുവാനും 7 വര്‍ഷം തടവിനും ശിക്ഷിച്ചത്.
വെച്ചൂച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത് വടശ്ശേരിക്കര സി.ഐ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. 1997 മെയ് 12 നായിരുന്നു സംഭവം. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകള്‍ തെളിവില്‍ സ്വീകരിച്ചു. നിര്‍ണായക സാക്ഷികള്‍ പലരും മരണപ്പെട്ടു പോയത് പ്രോസിക്യൂഷന് കേസ് തെളിയിക്കുന്നത് വെല്ലുവിളിയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ .എസ്. മനോജ് ഹാജരായി.

 

Latest News