ബീജിംഗ്- ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തായ ചൈന ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെജനസംഖ്യ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അവിടത്തെ പ്രവിശ്യാ ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്നത്.
ചൈനയില്‍ വയോധികരുടെ എണ്ണം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാണ് കുട്ടികളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമം നടക്കുന്നത്. വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയാണ് ഏറ്റവുമൊടുവില്‍ ജനസംഖ്യാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. വിവാഹം കഴിച്ച് കുട്ടികളുണ്ടാക്കുന്നവര്‍ക്ക് രണ്ടു ലക്ഷം യുവാന്‍ (ഏകദേശം 25 ലക്ഷം രൂപ) ലോണ്‍ നല്‍കാനായി ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നാണ് ജിലിന്‍ പ്രവിശ്യാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
മാര്യേജ് ആന്‍ഡ് ബര്‍ത്ത് കണ്‍സ്യൂമര്‍ ലോണ്‍സ് എന്ന പേരിലുള്ള പുതിയ പദ്ധതിയില്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പലിശനിരക്കിലും ഇളവുണ്ടാകും. രണ്ടോ മൂന്നോ കുട്ടികളുള്ള ദമ്പതികള്‍ക്ക് ചെറിയ ബിസിനസുകള്‍ ആരംഭിക്കുകയാണെങ്കില്‍ നികുതിയിളവ് ലഭിക്കുമെന്ന് രേഖയില്‍ പറയുന്നു. എന്നാല്‍ പദ്ധതി രേഖയില്‍ സര്‍ക്കാര്‍ ഏത് രീതിയില്‍ പിന്തുണ വാഗ്ദാനം ചെയ്യും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. ദമ്പതികളുടെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വായ്പകളുടെ പലിശ നിരക്കുകള്‍ ഉള്‍പ്പെടെ വ്യത്യാസപ്പെടുത്തുന്നതും ഈ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.