ശസ്ത്രക്രിയയെ തുടര്‍ന്ന് വയോധിക  മരിച്ചു; ആശുപത്രി ബില്‍ 17 ലക്ഷം രൂപ

ഗുഡ്ഗാവ്- മൂത്രക്കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയയിലെ അപാകത മൂലം അമ്മ മരിച്ചെന്നും ഇതു പരിഗണിക്കാതെ ആശുപത്രി അധികൃതര്‍ 17 ലക്ഷം രൂപയുടെ ബില്‍ നല്‍കിയെന്നും പരാതിപ്പെട്ട് യുവാവ് പോലീസിനെ സമീപിച്ചു. ഗുഡ്ഗാവിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിനെതിരെയാണ് പരാതി. ജനുവരി എട്ടിനാണ് രാജസ്ഥാനിലെ ആല്‍വര്‍ സ്വദേശിയായ 67-കാരി സാവിത്രി ദേവിയെ മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യാനായി മകന്‍ രാജേന്ദ്ര സിങ് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രകിയ നടത്തി. 18 ദിവസങ്ങള്‍ക്കു ശേഷം മരിക്കുകയും ചെയ്തു. മകന്റെ പരാതി പോലീസ് സ്വീകരിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാത്തില്‍ മാത്രമേ, കേസ് രജിസറ്റര്‍ ചെയ്യുവെന്നും പോലീസ് അറിയിച്ചു.

എന്നാല്‍ ഈ ശസ്ത്രക്രിയയല്ല നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പിത്തനാളിയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. മൂത്രാശയ കല്ല് മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ആശുപത്രിയില്‍ വെച്ച് നീക്കം ചെയ്യപ്പെട്ടിരുന്നുവെന്ന് കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഡോ. ചൈതന്യ പത്താനിയ പറഞ്ഞു. 

ശസ്ത്രക്രിയയിക്കു ശേഷം കടുത്ത വയര്‍ വേദനയെ തുടര്‍ന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പിന്നീട് നടത്തിയ പരിശോധനയില്‍ ആമാശയത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് മൂന്ന് ശസ്ത്രക്രിയകള്‍ കൂടി നടത്തി. ഇതോടെ വെന്റിലേറ്ററിലായ സാവിത്രി ദേവി ജനുവരി 26-നാണ് ഹൃദാഘാതം മൂലമാണ് മരിച്ചത്. ചികിത്സാ പിഴവു മൂലം അമ്മ മരിച്ച ആഘാതത്തിനിടെയാണ് ആശുപത്രി അധികൃതര്‍ ചികിത്സാ ബില്‍ രാജേന്ദ്ര സിങിനു നല്‍കിയത്. 
ഇതു ചോദ്യം ചെയ്തപ്പോള്‍ അമ്മയുടെ സങ്കീര്‍ണ രോഗ വിവരങ്ങള്‍ നേത്തെ തന്നെ അറിയിച്ചിരുന്നെന്നും ബന്ധുക്കളുടെ അനുമതിയോടെ തന്നെയാണ് എല്ലാ ചികിത്സകളും നടത്തിയതെന്നുമാണ് ആശുപത്രി അധികൃതര്‍ മറുപടി നല്‍കിയത്. സാവിത്രി ദേവിയുടെ ചികിത്സാ ചെലവ് വിമുക്തഭടന്മാരുടെ ചികിത്സാ സഹായ പദ്ധതിക്കു കീഴില്‍ വരുന്നതാണെന്നും ബില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതു ക്ലിയര്‍ ആയാല്‍ 4.59 ലക്ഷം രൂപ മാത്രമെ അടക്കേണ്ടതുള്ളൂവെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
 

Latest News