കൊച്ചി-എറണാകുളം മുപ്പത്തടത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. മുപ്പത്തടം ചന്ദ്രശേഖര പുരം ക്ഷേത്രത്തിലാണ് ഇന്നലെ രാവിലെ ആന ഇടഞ്ഞത്. ശനിയാഴ്ചയായിരുന്നു ഇവിടെ ഉത്സവം. രണ്ടു ദിവസമായി നടന്ന ഉത്സവത്തിൽ എഴുന്നള്ളിച്ചിരുന്ന പോളക്കുളം വിഷ്ണു നാരായണൻ എന്ന ആനയെ ഇന്നലെ രാവിലെ എട്ടുമണിയോടെ ആറാട്ടിന് എഴുന്നള്ളിക്കുന്നതിനായി കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. പൈപ്പിൽ നിന്ന് ഹോസ് ഉപയോഗിച്ച് പാപ്പാൻ വെള്ളമെടുത്ത് കുളിപ്പിക്കാൻ അടുത്തപ്പോൾ ആന പാപ്പാന് നേരെ തിരിയുകയായിരുന്നു. താഴെ വീണ പാപ്പാന്റെ വയറിൽ ആനത്തോട്ടി കയറിയാണ് പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ ഇയാളെ ഉടൻ പാലാരിവട്ടം റിനൈ മെഡ്‌സിറ്റിൽ പ്രവേശിപ്പിച്ചു. സ്‌പെഷ്യൽ സ്‌ക്വാഡും മെഡിക്കൽ സംഘവുമെത്തിയാണ് ആനയെ തളച്ചത്.