ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ടു,
സുനിയെ കണ്ട വിവരം വെളിപ്പെടുത്താതിരിക്കാൻ സമ്മർദം ചെലുത്തി
കൊച്ചി- നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ. ദിലീപിന്റെ സുഹൃത്തായിരുന്ന സഹസംവിധായകൻ ബാലചന്ദ്ര കുമാറാണ് ഒരു ചാനൽ അഭിമുഖത്തിൽ ദിലീപിനെതിരെ സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തിയത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി എട്ടാം പ്രതിയായ ദിലീപിന് അടുത്ത സൗഹൃദമുണ്ടെന്നും ദിലീപിന്റെ വീട്ടിൽ വെച്ച് പൾസർ സുനിയെ താൻ കണ്ടിട്ടുണ്ടെന്നും ഇക്കാര്യം മറച്ചുപിടിക്കാൻ ദിലീപും കാവ്യയും മറ്റ് കുടുംബാംഗങ്ങളും തന്റെ മേൽനിരന്തരം സമ്മർദം ചെലുത്തിയന്നും ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിനെ നായകനായി പിക്പോക്കറ്റ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ആളാണ് ബാലചന്ദ്ര കുമാർ. ഇക്കാര്യങ്ങൾ മുഴുവൻ ചൂണ്ടിക്കാണിച്ച് ശബ്ദസന്ദേശമുൾപ്പെടെയുള്ള തെളിവുകൾ ഉൾപ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കൈമാറി. കേസിൽ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണ് ഇപ്പോൾ ഇക്കാര്യം തുറന്നു പറഞ്ഞതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപുമായി താൻ സൗഹൃദമാകുന്നത് മഞ്ജുവാര്യരുമായി കേസ് നടക്കുന്ന കാലത്തായിരുന്നു. വീട്ടിലെ എല്ലാവരുമായും നല്ല സൗഹൃദമുണ്ടായിരുന്നു. 2016 ഡിസംബർ 25ന് ആയിരുന്നു ദിലീപിന്റെ വീടിന്റെ പാലുകാച്ചൽ. തൊട്ടടുത്ത ദിവസമാണ് താൻ ദിലീപിന്റെ വീട്ടിൽ പോയത്. അന്ന് അവിടെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. ദിലീപിന്റെ സഹോദരനായ അനൂപിനോടും തന്നോടും പുറത്ത് പോയി ഭക്ഷണം വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞു. ഇറങ്ങാൻ നിന്നപ്പോൾ ദിലീപ് പിറകിൽ നിന്ന് വിളിച്ച് വണ്ടി നിർത്താൻ പറഞ്ഞു. അപ്പോൾ പുള്ളി ഒരു ചെറുപ്പക്കാരനെ തോളത്ത് കയ്യിട്ട് വണ്ടിയുടെ അടുത്തേക്ക് കൊണ്ട് വന്നു. ഈ ചെറുപ്പക്കാരൻ നേരത്തെ അവിടെ നിൽക്കുന്നത് താൻ കണ്ടിരുന്നു. കുടുംബത്തിലെ ആരെങ്കിലും ആണെന്നാണ് കരുതിയത്. ഇവനെ ഒന്ന് സ്റ്റോപ്പിലേക്ക് വിട്ടേ എന്ന് ദിലീപ് അനൂപിനോട് പറഞ്ഞു. അങ്ങനെ പുള്ളി വണ്ടിയിൽ കയറി. എടാ നീ കാശും വെച്ച് കൊണ്ട് ബസ്സിലാണോ പോകുന്നത് എന്ന് അനൂപ് ചോദിക്കുന്നുണ്ടായിരുന്നു. അനൂപ് ഈ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. അയാൾ പേര് സുനി എന്നാണെന്ന് പറഞ്ഞു. അപ്പോൾ അനൂപ് തിരുത്തി പറഞ്ഞു തന്നു, ഇവനെ സുനി എന്ന് പറഞ്ഞാൽ ആർക്കും അറിയില്ല, പൾസർ സുനി എന്ന് പറഞ്ഞാൽ അറിയും എന്ന്. പുള്ളി തന്നോട് സിനിമയിൽ ചാൻസ് ചോദിച്ചു. അനൂപിനെ കണ്ടാൽ മതിയെന്ന് താൻ പറഞ്ഞു. അവർ രണ്ട് പേരും പലതും സംസാരിച്ചു. പിന്നെ സുനിയെ ഇറക്കിവിട്ട് ഭക്ഷണം വാങ്ങി തങ്ങൾ തിരിച്ച് പോന്നു. ഇരുവരും ഭയങ്കര അടുപ്പമുളളതായി തോന്നിയിരുന്നു. ദിലീപിന്റെ കോംമ്പൗണ്ടിലേക്ക് അങ്ങനെ സാധാരണ ഒരാൾക്ക് കയറാൻ പറ്റില്ല. പുള്ളി ഒരാളിന്റെ തോളത്ത് കയ്യിടണമെങ്കിൽ അടുപ്പമുണ്ടെങ്കിലേ ചെയ്യൂ. സുനിയെ എവിടേയോ കണ്ടിട്ടുണ്ടെന്ന് തനിക്ക് തോന്നിയിരുന്നു.
2016 ജൂണിൽ തങ്ങളുടെ സിനിമയുടെ സ്‌ക്രിപ്റ്റ് വായന ആലപ്പുഴ കായലിലെ രണ്ട് ഹൗസ് ബോട്ടുകളിലായി നടന്നപ്പോൾ അവിടെ വെച്ചും സുനിയെ കണ്ടിട്ടുളളതായി ഇപ്പോൾ സംശയിക്കുന്നുണ്ട്. പിന്നീട് അറിയാൻ കഴിഞ്ഞത് ഇവരുടെ പല ആവശ്യങ്ങൾക്കും സുനി കൂടെ ഉണ്ടായിരുന്നു എന്നാണ്. പല സുഹൃത്തുക്കളും പറഞ്ഞാണ് ഇത് അറിഞ്ഞത്. എന്നാൽ ആരും പുറത്ത് പറയാൻ തയ്യാറായിട്ടില്ല. 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ പൾസർ സുനിയുടെ ചിത്രങ്ങൾ പുറത്ത് വന്നു. കോടതിയിലേക്ക് കയറുന്നതിന് മുൻപ് പോലീസ് പിടിക്കുന്ന ചിത്രങ്ങളും വീഡിയോകളും കണ്ടു. പേര് കേട്ടപ്പോൾ തന്നെ തനിക്ക് മനസ്സിലായി ഈ പൾസർ സുനിയെ ആണ് താൻ അവിടെ വെച്ച് കണ്ടിട്ടുളളത് എന്ന്. സുനിയെ തിരിച്ചറിഞ്ഞപ്പോൾ താൻ ദിലീപിനെ വിളിച്ചു. സാധാരണ വിളിക്കുന്നത് പോലെയാണ് വിളിച്ചത്. താൻ വളരെ ആശ്ചര്യത്തോടെ പറഞ്ഞു, സർ, സാറിന്റെ വീട്ടിൽ വന്ന പയ്യനല്ലേ നടിയെ ആക്രമിച്ചതിലുളള പയ്യൻ. പുള്ളി തിരിച്ച് ചോദിച്ചു, ഏത് പയ്യൻ എന്ന്. ഒന്നൊന്നര മാസം മുൻപ് സാറിന്റെ വീട്ടിൽ വെച്ച് ഞാൻ കണ്ട പയ്യനാണ് ഇവൻ എന്ന് താൻ പറഞ്ഞു. അല്ലല്ല, അത് ബാലുവിന് തെറ്റിയതായിരിക്കും എന്ന് ദിലീപ് പറഞ്ഞു. ബാലു കണ്ടോ, എവിടെ വെച്ച് കണ്ടു എന്നൊക്കെ തന്നോട് ചോദിച്ചു. തന്റെ കോമ്പൗണ്ടിൽ അവൻ വന്നിട്ടില്ലല്ലോ എന്നും പറഞ്ഞു. പക്ഷേ തനിക്കുറപ്പായിരുന്നു അത് സുനി ആണെന്ന്. ദിലീപ് കള്ളം പറഞ്ഞപ്പോൾ താൻ കരുതി, ഇത് പോലൊരു കേസിലെ ക്രിമിനലുമായി ബന്ധമുണ്ട് എന്ന് പറയുന്നത് അഭിമാനക്ഷതമായിരിക്കും എന്ന് കണക്കാക്കി താനത് വിട്ട് കളഞ്ഞുവെന്ന് ബാലചന്ദ്ര കുമാർ പറയുന്നു.