Sorry, you need to enable JavaScript to visit this website.

മൊബൈല്‍ നമ്പറുകള്‍ 13  അക്കമാവില്ല; വസ്തുത അറിയൂ

കാളപെറ്റു എന്ന് കേട്ടപ്പോഴേ വാട്‌സപ്പില്‍ പാല്‍ക്കച്ചവടം  തുടങ്ങുന്നതില്‍ പുതുമയൊന്നുമില്ലല്ലോ. M2M മൊബൈല്‍ നമ്പരുകള്‍ 13 അക്കം  ആക്കാനുള്ള നിര്‍ദേശമോ ഉത്തരവോ വാട്‌സപ്പിലൂടെ പ്രചരിക്കുന്നുണ്ട്. M2M  എന്താണെന്ന് മനസ്സിലാക്കാനൊക്കെ വിഷമമായതിനാല്‍ എളുപ്പം  മനസ്സിലായ മൊബൈല്‍ നമ്പരുകള്‍ 13 അക്കമാകുന്നു എന്ന് മാത്രം വാര്‍ത്തയായി. 
സാധാരണ മനുഷ്യരുമായി ബന്ധമൊന്നുമില്ലാത്ത അല്ലെങ്കില്‍ ബന്ധമുണ്ടാകരുതാത്ത ഒന്നാണ് Machine to Machine മൊബൈല്‍ കണക്ഷനുകള്‍. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമല്ലാത്ത ഒന്ന്. നമ്മുടേത് മാത്രമല്ല മറ്റ് പ്രമുഖ വികസിത രാജ്യങ്ങളില്‍ പോലും  M2M കണക്ഷനുകളെക്കുറിച്ച് സാധാരണക്കാര്‍ തലപുണ്ണാക്കാറില്ല. ഒരു പെട്ടിക്കടയിലും  M2M സിം കാര്‍ഡ് കിട്ടുകയുമില്ല. മനുഷ്യനും  മനുഷ്യനും  തമ്മില്‍ സംസാരിക്കാനും  ചാറ്റ് ചെയ്യാനുമൊക്കെയാണ് സാധാരണ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍. 
മെഷീനും  മെഷീനും  തമ്മില്‍ ആശയ വിനിമയം  നടത്താന്‍  M2M കണക്ള്‍ഷനുകള്‍ ഉപയോഗിക്കുന്നു. ഇവിടെ മെഷീനും  മെഷീനും  തമ്മിലുള്ള ആശയ വിനിമയം  ആയതിനാല്‍ പൊതുവേ ഡാറ്റ മാത്രമായിരിക്കും ഈ കണക്ഷനില്‍ ഉണ്ടാവുക. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച സ്വയം  നിയന്ത്രിത / വിദൂര നിയന്ത്രിതമായ പല തരം  ഉപകരണങ്ങള്‍ ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ടല്ലോ. 
വീടുകളില്‍ നമ്മള്‍ പൊതുവേ വൈഫൈ വഴിയോ കേബിള്‍ വഴിയോ ഒക്കെ ആയിരിക്കും  ഇവയ്ക്കുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക. ഇത്തരത്തില്‍ വൈഫൈ / കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ അസാധ്യമാകുന്ന സാഹചര്യത്തില്‍ അവയില്‍  മൊബൈല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധ്യമാകുന്ന/ സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കാവുന്ന സജ്ജീകരണങ്ങളും  ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് വാഹനങ്ങളിലും  മറ്റും  ഉപയോഗിക്കുന്ന ജി പി എസ് ട്രാക്കര്‍ ഉള്ള ആന്റി തെഫ്റ്റ് ഡിവൈസുകള്‍. ഇവിടെ വാഹനം ട്രാക്ക് ചെയ്യുന്നതിനായി ഡാറ്റാ കണക്ഷന്‍ ആവശ്യമാണ്. ഇതിനായി പൊതുവേ സാധാരണ സിം കാര്‍ഡുകള്‍ ആണ് നമ്മുടെ നാട്ടില്‍ ഉപയോഗപ്പെടുത്തുന്നതെങ്കിലും ഇവിടെ യഥാര്‍ഥത്തില്‍ ഉപയോഗപ്പെടുത്തേണ്ടത് M2M സിം  ആണ്. കാരണം സാധാരണ മൊബൈല്‍ നമ്പര്‍ നല്‍കിയിരിക്കുന്നത് മനുഷ്യര്‍ക്ക് ഉപയോഗിക്കാനുള്ള വോയ്‌സ് കമ്യൂണിക്കേഷനു വേണ്ടിയാണ്. ഇന്റര്‍നെറ്റ് കണക്റ്റഡ് ആയ ഉപകരണങ്ങളും  മേല്‍ സൂചിപ്പിച്ചതുപോലെയുള്ള ആവശ്യങ്ങളും  ഇവിടെ പരിമിതമായ തോതിലേ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നതിനാല്‍  M2M കണക്ഷനുകളൂടെ ആവശ്യകതയെക്കുറിച്ച് സാധാരണക്കാര്‍ ചിന്തിക്കാറില്ല അതിനാല്‍ പൊതുവേ ഇത്തരം  കണക്ഷനുകള്‍  മൊബൈല്‍ സേവന ദാതാക്കളെല്ലാം  ബിസിനസ് കാറ്റഗറിയില്‍ പെടുത്തിയാണ് വിപണനം  നടത്തുന്നത്. വിദൂര നിയന്ത്രിത ഉപകരണങ്ങളും സ്വയം  നിയന്ത്രിത ഉപകരണങ്ങളുമെല്ലാം  ഉള്‍പ്പെടുന്ന ബിസിനസ്സുകളില്‍  ഇത്തരം  കണക്ഷനുകള്‍ പ്രത്യേക പാക്കേജ് ആയി ഇവര്‍ നല്‍കുന്നു.  24 മണിക്കൂറും  ഇടതടവില്ലാത്ത ഇന്റര്‍നെറ്റ് ബന്ധം  ഉറപ്പ് വരുത്തേണ്ടുന്ന വളരെ സുപ്രധാനമായ ഉപകരണങ്ങള്‍ക്കായി ലഭിക്കുന്ന M2M കണക്ഷനുകളിലും  അതനുസരിച്ചുള്ള ഫീച്ചറുകളും  ഉള്‍ക്കൊള്ളിച്ചിരിക്കും. പൊതുവേ ഇത്തരം  കണക്ഷനുകളില്‍ ഒരു നെറ്റ്വര്‍ക്കില്‍ എന്തെങ്കിലും  തകരാറുകള്‍ ഉണ്ടായാല്‍  മറ്റു കമ്പനികളുടെ നെറ്റ്വര്‍ക്കുകള്‍ സ്വയമേവ ഉപയോഗപ്പെടുത്താനുള്ള സൗകര്യം  പ്രധാനമാണ്. അതായത് സാധാരണ സിം  കാര്‍ഡുകളില്‍  വോഡാഫോണിന്റെ റേഞ്ച് ഇല്ലാത്ത ഇടങ്ങളില്‍ ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യം  ഉണ്ടാകില്ലല്ലോ. പക്ഷേ  M2M കണക്ഷനുകളില്‍ ഇത് ഒരു എടുത്തു പറയേണ്ട ഫീച്ചര്‍ ആയി അവതരിപ്പിക്കുന്നത് കാണാറുണ്ട്. ഇതിനും  പുറമേ മനുഷ്യ ഇടപെടല്‍ ഇല്ലാത്ത ഉപകരണങ്ങളില്‍ ഉപയോഗിക്കേണ്ടതിനാല്‍  M2M സിം കാര്‍ഡുകള്‍ സാധാരണ സിം  കാര്‍ഡുകളെ അപേക്ഷിച്ച് ചൂട്, തണുപ്പ്, ആര്‍ദ്രത തുടങ്ങിയവയെ ഒരു പരിധി വരെ അതിജീവിക്കാന്‍  കഴിവുള്ള രീതിയില്‍ രൂപകല്‍പന ചെയ്യപ്പെട്ടവയായിരിക്കും.
2020- 21 ഓടെ അഞ്ചാം  തലമുറ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ (5G)  നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.  മനുഷ്യനുള്ള ഇന്റര്‍നെറ്റിലുമപ്പുറം  യന്ത്രങ്ങള്‍ക്കായുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ആണ് 5G നെറ്റ്വര്‍ക്കുകളുടെ പ്രധാന ലക്ഷ്യം . അതോടെ മനുഷ്യര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൊബൈല്‍ നമ്പരുകള്‍ മെഷീനുകള്‍ക്ക് ആവശ്യമായി വരും  എന്നതിനാല്‍ അതിലേക്കൊക്കെയുള്ള ചുവടുവെപ്പുകളുടെ ഭാഗമാണ് ഈ പതിമൂന്നാം  നമ്പര്‍ നിബന്ധനകള്‍ എന്നു കണക്കാക്കാം.

 

Latest News