ജിസാൻ - ജിസാൻ പ്രവിശ്യയിലെ സ്വാംതക്കു നേരെ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ വെള്ളിയാഴ്ച രാത്രി നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗദിയെ തിരിച്ചറിഞ്ഞു. സൗദി പൗരൻ ഹാദി ഉറൈബിയാണ് സ്വാംതയിൽ മരണപ്പെട്ടവരിൽ ഒരാൾ. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കാർ നിശ്ശേഷം തകർന്നു. സ്വാംതയിലെ വ്യാപാര സ്ഥാപനത്തിനു മുന്നിൽ കാർ പാർക്ക് ചെയ്ത സമയത്താണ് ഷെല്ലാക്രമണത്തിൽ സൗദി പൗരൻ മരണപ്പെട്ടത്. ഒരു യെമനി പൗരനും കൊല്ലപ്പെട്ടു. ആറു പേർ സൗദി പൗരന്മാരും ഒരാൾ ബംഗ്ലാദേശിയും അടക്കം ഏഴു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാംതയിൽ മെയിൻ റോഡിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു സമീപമാണ് ഷെൽ പതിച്ചത്. ആക്രമണത്തിൽ രണ്ടു വ്യാപാര സ്ഥാപനങ്ങൾക്കും 12 വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ജിസാൻ സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.
നജ്‌റാനു നേരെയും ഹൂത്തികൾ വ്യാഴാഴ്ച രാത്രി ഷെല്ലാക്രമണം നടത്തി. നജ്‌നാറിലെ അതിർത്തി ഗ്രാമത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ സൗദി പൗരന്റെ കാറിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ സാധാരണക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സഖ്യസേന പറഞ്ഞു.