ലുധിയാന കോടതി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് ബോംബ് വച്ച മുന്‍ പോലീസുകാരന്‍

ലുധിയാന- പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് ബോംബ് സ്ഥാപിച്ചയാള്‍ തന്നെ എന്ന് സ്ഥിരീകരിച്ചു. മുന്‍ പോലീസ് ഓഫീസര്‍ ഗഗന്‍ദീപ് സിങിന്റെ മൃതദേഹമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഗഗന്‍ദീപിനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് 2019ല്‍ സേനയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സെപ്തംബറിലാണ് ഗഗന്‍ദീപ് ജാമ്യത്തിലിറങ്ങിയത്. ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു സിമ്മും വയര്‍ലെസ് ഡോംഗിളുമാണ് തിരിച്ചറിയാന്‍ സഹായിച്ചത്. 

സ്‌ഫോടനത്തിനു പിന്നില്‍ പാക്കിസ്ഥാനി, ഖലിസ്ഥാനി തീവ്രവാദികളാണെന്നതിന് തെളിവുകളില്ലെന്നും മുന്‍ മന്ത്രി ബിക്രം മജീതിയ ഉള്‍പ്പെട്ട മയക്കുമരുന്ന് കടത്തു കേസുമായി ബന്ധമുണ്ടാകാമെന്നും മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മയക്ക്മരുന്ന് കേസില്‍ കുടുങ്ങിയ അകാലിദള്‍ നേതാവ് ബിക്രം മജീതിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മൊഹാലിയിലെ കോടതി വാദംകേള്‍ക്കുന്നതിനിടെയാണ് ലുധിയാന കോടതിയില്‍ സ്‌ഫോടനം ഉണ്ടായത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 

Latest News