വ്യാപാരിക്കെതിരെ മകളെ ഉപയോഗിച്ച് വ്യാജ പീഡന പരാതി; എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം

പയ്യന്നൂർ -  വ്യാപാരിക്കെതിരെ മകളെക്കൊണ്ട് വ്യാജ പീഡന പരാതി നൽകിയ എസ്. ഐ ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം. കണ്ണൂർ റേഞ്ച്  ഡി.ഐ.ജി സേതുരാമനാണ് ഇതുസംബന്ധിച്ച്  കണ്ണൂർ റൂറൽ എസ്.പിക്ക് നിർദ്ദേശം നൽകിയത്. പരാതി വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പയ്യന്നൂർ പെരുമ്പയിലെ വ്യാപാരിയായ ഷമീം എന്നയാൾക്കെതിരെയാണ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വ്യാജ പീഡന പരാതി നൽകിയത്. എസ്‌ഐ, മകളെ കൊണ്ടാണ് പീഡന പരാതി നൽകിച്ചത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു എസ്.ഐ, പതിനാറുകാരിയായ സ്വന്തം മകളെക്കൊണ്ട് ഷമീം എന്നയാൾക്കെതിരെ പോക്‌സോ പരാതി നൽകിച്ചത്. പോക്‌സോ പരാതി ആയതിനാൽ എസ്.ഐയുടെയും മകളുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല. കഴിഞ്ഞ ഓഗസ്റ്റ് പത്തൊമ്പതിനാണ് സംഭവം. പയ്യന്നൂർ പെരുമ്പയിലെ ബേക്കറിയിൽ കേക്ക് വാങ്ങിക്കാനായി എത്തിയ എസ്.ഐ തന്റെ കാറ് അടുത്തുള്ള ടയറ് സർവീസ് കടയുടെ മുന്നിൽ നിർത്തിയിട്ടു. അവിടെ എത്തുന്ന മറ്റ് വാഹനങ്ങൾക്ക് ഇത് ബുദ്ധിമുട്ടായതോടെ കാറ് നീക്കിയിടാൻ മാനേജർ ഷമീം ആവശ്യപ്പെട്ടു. പിറ്റേന്ന് വെകുന്നേരം പോലീസ് യൂണിഫോമിൽ ജീപ്പുമായി എസ്.ഐ കടയിലെത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സംഭവത്തിൽ  എസ്.ഐക്കെതിരെ ഷമീം എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതിനാൽ എസ്.ഐയെ സ്ഥലം മാറ്റി. ഈ വിരോധത്തിലാണ് സ്വന്തം മകളെ കൊണ്ട് ഷമീമിനെതിരെ പീഡന പരാതി നൽകിച്ചത്.സംഭവ ദിവസം എസ്.ഐ കേക്ക് വാങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്നായിരുന്നു പരാതി. ഇത് വ്യാജ പരാതിയാണെന്ന് ഷമീം എസ്.പിയെ കണ്ട് ധരിപ്പിച്ചു. എസ്.പി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജ് കുമാർ നടത്തിയ വിശദമായ അന്വേഷണത്തിൽ ഷമീമിനെതിരെയുള്ള പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാവുകയും ഇതനുസരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും വിശദമായി പരിശോധിച്ചായിരുന്നു ഈ കണ്ടെത്തൽ. വകുപ്പുതല അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടി ഉണ്ടാകുമെന്ന് ഡി.ഐ.ജി പറഞ്ഞു.
 

Latest News