ചെന്നൈ- കുവൈറ്റിലെ ജയിലിൽ വധശിക്ഷ കാത്തു കിടന്ന തമിഴ്‌നാട് സ്വദേശി അത്തിമുത്തുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ 25 ലക്ഷം രൂപ ദിയാധനം നൽകിയത് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു. അക്കാലത്ത് ഏറെ മാധ്യമ ശ്രദ്ധ നേടിയ സംഭവം തമിഴിൽ പുറത്തിറങ്ങിയ ബ്ലഡ് മണി എന്ന സിനിമയിൽ ഏറെ പ്രാധാന്യത്തോടെ ലോകത്തിന് മുന്നിലേക്ക്.
തമിഴ്‌നാട്ടുകാരനായ നബീൽ അഹമ്മദ് കഥയും തിരക്കഥയുെമാരുക്കുന്ന 'ബ്ലഡ് മണി' എന്ന സിനിമയിലാണ് മുനവ്വറലി ശിഹാബ് തങ്ങൾ 2019ൽ ഇടപെട്ട സംഭവം വിശദീകരിക്കുന്നത്. വധശിക്ഷ ഒഴിവാക്കാനുള്ള മോചനദ്രവ്യം നൽകിയ സംഭവങ്ങളെ മുൻനിർത്തിയാണ് കഥ പുരോഗമിക്കുന്നത്. അക്കൂട്ടത്തിലൊന്ന് മുനവ്വറലി ശിഹാബ് തങ്ങൾ തമിഴ്‌നാട് സ്വദേശിയുടെ ജീവൻ കാക്കാൻ ഇടപെട്ട സംഭവമാണ്. 90 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം തമിഴ് ഒടിടി ഫ്‌ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. തമിഴ് മാധ്യമപ്രവർത്തകയാണ് ഇത് സംബന്ധിച്ചുളള അന്വേഷണം സിനിമയിൽ നടത്തുന്നത്. അവരുടെ ചോദ്യങ്ങൾക്കാണ് മുനവ്വറലി ശിഹാബ് തങ്ങളെയും അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളെയും പറ്റിയുള്ള ഓർമ്മകൾ പങ്കുവെക്കുന്നത്.
കുവൈത്ത് ജയിലിൽ മരണത്തെ മുഖാമുഖം കണ്ട തമിഴ്‌നാട് സ്വദേശിയുടെ കുടുംബം 2019ലാണ് സഹായം തേടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മുന്നിലെത്തുന്നത്. വധശിക്ഷ ഒഴിവാക്കാൻ മോചനദ്രവ്യമായി 25 ലക്ഷത്തോളം രൂപ വേണമായിരുന്നു. ഈ തുക എത്രയും വേഗം സംഘടിപ്പിച്ച് നൽകിയാണ് അന്ന് മുനവ്വറലി ശിഹാബ് തങ്ങൾ തമിഴ്‌നാട് സ്വദേശിയുടെ ജീവൻ രക്ഷിച്ചത്. വധശിക്ഷയിൽ നിന്ന് ഒഴിവായെങ്കിലും ജയിൽ ശിക്ഷ പൂർത്തിയാക്കി രണ്ട് വർഷത്തിനുള്ളിൽ ഇയാൾ ജയിലിൽ നിന്ന് ഇറങ്ങും. ഈ സംഭവത്തെ കുറിച്ചാണ് സിനിമ.