കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ  വീട്ടില്‍ സന്ദര്‍ശനം നടത്തി മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ- ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ വീട്ടില്‍ മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശനം നടത്തി. കേരളത്തില്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുകയാണെന്ന്, സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭീകരപ്രവര്‍ത്തനം നടത്താന്‍ വേണ്ടി സാമൂഹികപരമായ ഉത്തരവാദിത്തങ്ങള്‍ മാറ്റിവെച്ച് വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനായി ആസൂത്രിത അക്രമങ്ങള്‍ നടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു.ഇക്കാര്യങ്ങളെല്ലാം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. ഈ തീവ്രവാദ വര്‍ഗീയ പ്രസ്ഥാനങ്ങളെ വേരോടെ പിഴുതെറിയാന്‍ ജനങ്ങള്‍ ഒന്നിക്കണം. കേരളത്തിലെ 99 ശതമാനം ജനങ്ങളും ഇതിനെതിരല്ലെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ പോലീസിന് വീഴ്ച വന്നു എന്ന ആരോപണം മന്ത്രി തള്ളിക്കളഞ്ഞു.
പോലീസിന് വീഴ്ച വന്നിട്ടില്ല. അങ്ങനെ പറയുന്നത് ശരിയല്ല. പോലീസ് ആ നിമിഷം മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരിച്ച സഹോദരന്‍ രണ്‍ജിത്തിന് യാതൊരു വിധ ശത്രുക്കളുമുള്ളതായി അറിവില്ല. അദ്ദേഹം ഒരു പെറ്റി കേസില്‍ പോലും പ്രതിയല്ല. പോലീസിന് പിന്നെയെങ്ങനെ വീഴ്ച വരും. പോലീസിന് വീഴ്ച സംഭവിച്ചതായി കുറച്ച് ആളുകള്‍ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.ആദ്യസംഭവമുണ്ടായപ്പോള്‍ മുതല്‍ പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കേസില്‍പ്പോലും പ്രതിയല്ലാത്ത ഒരാളെ, ഇത്രയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തുവെച്ച് കൊലപ്പെടുത്തുമെന്ന് എങ്ങനെ വിചാരിക്കും. ഞാനും ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ്. നാളെ മുതല്‍ 24 മണിക്കൂറും പോലീസ് വീട്ടില്‍ വന്നിരിക്കുമോ?. മന്ത്രിയാണെങ്കില്‍പ്പോലും. കൊല്ലാന്‍ തീരുമാനിച്ചാല്‍ ആളുകള്‍ വന്നു കൊന്നിട്ടുപോകും. അതിന് പോലീസിനെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോയെന്നും മന്ത്രി ചോദിച്ചു.
 

Latest News