ഒട്ടാവ- കാനഡ ഈ വര്‍ഷം 4,01,000 വിദേശികള്‍ക്ക് സ്ഥിരതാമസ അനുമതി (പിആര്‍) നല്‍കി. ഇവര്‍ക്ക് പൗരത്വത്തിനു സമാനമായ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇവരില്‍ ഭൂരിപക്ഷം പേരും രാജ്യത്ത് താല്‍ക്കാലിക താമസാനുമതിയില്‍ കഴിയുന്നവരായിരുന്നു. പൗരന്മാരുടെ പ്രായക്കൂടുതല്‍ കാരണവും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മുന്നോട്ടു നയിക്കാനുമാണ് കാനഡ പ്രധാനമായും കുടിയേറ്റക്കാര്‍ക്ക് വലിയ പിന്തുണ നല്‍കുന്നത്. കോവിഡ് കാരണം രാജ്യാന്തര അതിര്‍ത്തികളെല്ലാം അടഞ്ഞു കിടന്നതിനാല്‍ 2020ല്‍ 1.85 ലക്ഷത്തോളം വിദേശികള്‍ക്കാണ് പിആര്‍ നല്‍കാനായത്.
നൂറ്റാണ്ടിലേറെ കാലത്തിനു ശേഷം ഇതാദ്യമായാണ് നാലു ലക്ഷത്തിലേറെ കുടിയേറ്റക്കാര്‍ക്ക് കാനഡ ഒരു വര്‍ഷം പിആര്‍ അനുവദിച്ചത്. 2022ലും രാജ്യത്തിന് നാലു ലക്ഷത്തിലേറെ വിദേശികളെ ആവശ്യമാണെന്നാണ് കണക്ക്. കാനഡയുടെ സാമ്പത്തിക രംഗം അതിവേഗം കോവിഡിനു മുമ്പുണ്ടായിരുന്ന വളര്‍ച്ചാ നിരക്കിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പുതിയ കണക്കുകള്‍ പറയുന്നു.