അത്തര്‍ വ്യവസായിയുടെ വീട്ടില്‍ ഒളിപ്പിച്ച 150 കോടി രൂപ റെയ്ഡില്‍ പിടികൂടി

ലഖ്‌നൗ- കാന്‍പൂരില്‍ സുഗന്ധദ്രവ്യ ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പിയുഷ് ജയിന്‍ എന്ന വ്യവസായിയുടെ വീട്ടില്‍ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 150 കോടി രൂപയിലേറെ കണ്ടെടുത്തു. കറന്‍സി കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു. വീട്ടില്‍ നിന്ന് കണ്ടെടുത്ത കറന്‍സികള്‍ എണ്ണി തീര്‍ന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് അലമാരകള്‍ നിറമെ പണം കെട്ടുകളാക്കി അടുക്കിവച്ച ഫോട്ടോകളും പുറത്തു വന്നിട്ടുണ്ട്. പ്ലാസ്റ്റിക് കവറില്‍ നന്നായി പൊതിഞ്ഞാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. 

കണ്ടെടുത്ത കറന്‍സികളെല്ലാം വീട്ടില്‍വച്ചു തന്നെയാണ് അധികൃതര്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത്. നോട്ടുകളെ വന്‍ശേഖരമാണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച വൈകീട്ട് തുടങ്ങി റെയ്ഡും നോട്ടെണ്ണലും ഇപ്പോഴും തുടരുകയാണ്. നികുതി വെട്ടിപ്പ് സംശയത്തെ തുടര്‍ന്ന് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ഇല്ലാത്ത കമ്പനികളുടെ പേരില്‍ ജിഎസ്ടി ഇല്ലാത്ത വ്യാജ ബില്ലുകളുണ്ടാക്കിയാണ് പണം പൂഴ്ത്തിവച്ചിരുന്നത്.
 

Latest News