സൈബർ സുരക്ഷാ ആപ്പുമായി വിദ്യാർഥികൾ, ഇ-കംപ്ലെയിന്റ് നൽകാം

സൈബർ അലർട്ടിനു പിന്നിലെ ശിൽപികൾ

സൈബർ തട്ടിപ്പിനിരയാവുന്നവർക്ക് നിയമസഹായം നൽകുന്ന ആപ്ലിക്കേഷനുമായി വിദ്യാർഥികൾ. ആന്ധ്രാ പ്രദേശിലെ കെ.എൽ യൂനിവേഴ്‌സിറ്റി വിദ്യാർഥികളാണ് സൈബർ അലർട്ട് എന്ന് പേരിട്ടിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിൽ എവിടെ നിന്നും സൈബർ തട്ടിപ്പിന് ഇരയാവുന്നവർക്ക് ഈ ആപ്ലിക്കേഷൻ വഴി പോലീസിൽ പരാതി നൽകാൻ കഴിയും. 
സൈബർ സുരക്ഷാ വിദഗ്ധരായ കാസ്പ്രസ്‌സ്‌കൈ സെക്യൂരിറ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 2021 ന്റെ രണ്ടാം പാദത്തിൽ 8.30 കോടി സൈബർ ഭീഷണികളാണുണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.67 കോടി സൈബർ ഭീഷണികളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.   ഒരു വർഷത്തെ മാത്രം വർധന 80 ശതമാനമാണ്. 
കോവിഡിനു പിന്നാലെ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെയാണ് സൈബർ തട്ടിപ്പുകളിലുണ്ടായ കുതിച്ചു കയറ്റം. 
സൈബർ തട്ടിപ്പുകൾ വ്യാപകമായെങ്കിലും ഇതിനെതിരെ എങ്ങനെ പരാതി നൽകുമെന്ന കാര്യത്തിൽ ഇപ്പോഴും സാധാരണക്കാർക്കിടയിൽ വ്യക്തതയില്ല. സൈബർ അലർട്ട് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇന്ത്യയിൽ എവിടെയുള്ളവർക്കും ഇ കംപ്ലെയിന്റ് നൽകാനാകും. 
ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാന സർക്കാരുകളുമായും സൈബർ പോലീസ് സ്‌റ്റേഷനുകളുമായും സൈബർ അലർട്ട് നേരിട്ട് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളുടെ സൈബർ വിഭാഗവുമായി ഔദ്യോഗികമായി സഹകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സൈബർ അലർട്ട് സംഘം പറയുന്നു.  
ഭാവി അപ്‌ഡേഷനുകളിൽ കൂടുതൽ സംസ്ഥാനങ്ങളെ ഉൾപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിട്ടില്ലെങ്കിലും ഏറ്റവും അടുത്ത സൈബർ പോലീസ് സ്‌റ്റേഷൻ കണ്ടെത്താൻ സൈബർ അലർട്ട് ഉപയോഗിക്കുന്നത് കേന്ദ്ര സൈബർ കംപ്ലെയിന്റ് സംവിധാനമാണ്. 
സൈബർ കംപ്ലെയിന്റ് ഫയലിംഗിന് പുറമെ നൽകിയ പരാതിയിൽ അധികൃതരുടെ നടപടി എത്രത്തോളമായി എന്നറിയാനുള്ള സൈബർ കംപ്ലെയിന്റ് ട്രാക്കർ/ സ്റ്റാറ്റസ് സംവിധാനവും സൈബർ അലർട്ടിലുണ്ട്. സൈബർ നിയമങ്ങളെക്കുറിച്ചും സൈബർ സുരക്ഷ സംബന്ധിച്ച വാർത്തകളും ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്ക് ലഭ്യമാകും. സൈബർ പോലീസ് സ്‌റ്റേഷനെക്കുറിച്ചുള്ള വിവരങ്ങൾ, സൈബർ ഇന്റേൺഷിപ്പിനുള്ള അവസരം, സൗജന്യ സൈബർ നിയമ സഹായം എന്നിവയും സൈബർ അലർട്ടിലൂടെ ലഭ്യമാണ്.
ബാങ്ക് അക്കൗണ്ടിൽ നിന്നും 80,000 രൂപ നഷ്ടമായ പരാതിയാണ് ആദ്യമായി സൈബർ അലർട്ടിന് ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ പരാതിക്കാരന് പണം തിരികെ നൽകുന്നതിന് വേണ്ട നടപടികൾ ഉറപ്പിക്കാൻ സൈബർ അലർട്ടിന് സാധിച്ചു. 
കെ.എൽ യൂനിവേഴ്‌സിറ്റി എൽ.എൽ.ബി വിദ്യാർഥി രാഹുൽ ശശാങ്ക്, കെ.എൽ കോളേജ് ഓഫ് ലോ വകുപ്പ് മേധാവി ഡോ. കെ.ഐ. പവൻ കുമാർ, കെ.എൽ കോളേജ് പൂർവ വിദ്യാർഥിയും ആൻഡ്രോയിഡ് ഡെവലപ്പറുമായ വിനയ്, കെ.എൽ യൂനിവേഴ്‌സിറ്റി വിദ്യാർഥികളായ ആർ. സായ് ആസിഷ് യശ്വന്ത്, ഡി. തരുൺ, പി. റീനു ശ്രീ എന്നിവരാണ് സൈബർ അലർട്ടിനു പിന്നിൽ.  

Latest News