Sorry, you need to enable JavaScript to visit this website.

കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ്:  മൈക്കിള്‍ ഫ്രോയ്ഡ് ഇശ്വറിന്റെ അപ്പീല്‍ സര്‍ക്കാര്‍ തള്ളി

ആലത്തൂര്‍ എസ്റ്റേറ്റ്.

കല്‍പറ്റ-മാനന്തവാടി താലൂക്കിലെ തൃശിലേരി വില്ലേജില്‍ അന്തരിച്ച ബ്രിട്ടീഷ് പൗരന്‍ ജുബര്‍ട്ട് വാന്‍ ഇംഗന്റെ ഉടമസ്ഥതയിലായിരുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ്  1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം അനുസരിച്ചു പിടിച്ചെടുത്തതിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ തള്ളി. ഭൂമി തിരികെ കിട്ടുന്നതിനു വാന്‍ ഇംഗന്റെ ദത്തുപുത്രന്‍ എന്നവകാശപ്പെടുന്ന മൈസൂരു സ്വദേശി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ സമര്‍പ്പിച്ച അപ്പീലാണ് വിശദമായ പരിശോധകള്‍ക്കും വാദം കേള്‍ക്കലിനും ശേഷം ഇന്നലെ  തള്ളിയത്. 211 ഏക്കര്‍ വരുന്ന ആലത്തൂര്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ച് 2018 ഏപ്രില്‍ 21നു അന്നത്തെ ജില്ലാ കലക്ടര്‍ എസ്.സുഹാസ് പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ ശരിവെച്ചു. 
വാന്‍ ഇംഗനും  സഹോദരങ്ങളായ ഒലിവര്‍ ഫിനെസ് മോറിസ്, ജോണ്‍ ഡെ വെറ്റ് ഇംഗന്‍ എന്നിവര്‍ക്കും അവകാശപ്പെട്ടതായിരുന്നു ആലത്തൂര്‍ എസ്റ്റേറ്റ്. ഇതില്‍ മോറിസ് ഓഹരി മറ്റു രണ്ടു പേര്‍ക്കുമായി കൈമാറി. ജോണിന്റെ മരണശേഷമാണ് എസ്റ്റേറ്റ് പൂര്‍ണമായും ജൂബര്‍ട്ട് വാന്‍ ഇംഗന്റെ ഉടമസ്ഥതയിലായത്. 
ആലത്തൂര്‍ എസ്റ്റേറ്റില്‍ 33.5 ഏക്കര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ വാന്‍ ഇംഗന്‍  2005ല്‍ കോഴിക്കോടുള്ള ലോഡ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ടൂറിസം കമ്പനിക്ക് വിറ്റിരുന്നു. ബാക്കി ഭൂമിയാണ് അവകാശികളില്ലാതെ 2013 മാര്‍ച്ചില്‍ മരിച്ച വാന്‍ ഇംഗന്റെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിന്റെ കൈവശത്തിലെത്തിയത്.  2006 ഫെബ്രുവരി രണ്ടിന് മാനന്തവാടി സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത 267/2006 നമ്പര്‍ ദാനാധാരം അനുസരിച്ചായിരുന്നു ഇത്. ഈശ്വര്‍ വ്യാജ രേഖകള്‍ ചമച്ച് ആലത്തൂര്‍ എസ്റ്റേറ്റും മൈസൂരുവില്‍ വാന്‍ ഇംഗനുണ്ടായിരുന്നു സ്വത്തുക്കളും തട്ടിയെടുക്കുകയായിരുന്നുവെന്ന് പിന്നീട് തെളിയുകയുണ്ടായി. 
അവകാശികളില്ലാതെ മരിക്കുന്ന വിദേശപൗരന്റെ സ്വത്ത് രാജ്യത്തെ നിയമം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ എസ്റ്റേറ്റ് അന്യംനില്‍പ്പ് വസ്തുവായി പ്രഖ്യാപിക്കുന്നതിനു മാനന്തവാടി സബ്കലക്ടര്‍ 2013 സെപ്റ്റംബര്‍ ഒമ്പതിനു ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. അന്യംനില്‍പ്പ് നടപടികള്‍ ആരംഭിച്ച ജില്ലാ ഭരണകൂടം എസ്റ്റേറ്റില്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉണ്ടെങ്കില്‍  ഉന്നയിക്കുന്നതിനു 2017  നവംബറില്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.  ഇതേത്തുടര്‍ന്ന് മൈക്കിള്‍ ഈശ്വറും വാന്‍ ഇംഗന്റെ കുടുംബാംഗമെന്നു പറയപ്പെടുന്ന  ബ്രിട്ടീഷ് വനിത മെറ്റില്‍ഡ റോസ്മണ്ട് ഗിഫോര്‍ഡും എസ്റ്റേറ്റില്‍ ഉടമാവകാശം ഉന്നയിച്ചു. ഇവര്‍ അഭിഭാഷകര്‍ മുഖേന ഉന്നയിച്ച വാദങ്ങളും സമര്‍പ്പിച്ച രേഖകളും  ഉടമാവകാശം തെളിയിക്കാന്‍ ഉതകുന്നതല്ലെന്നു കണ്ട് ജില്ലാ കലക്ടര്‍ തള്ളുകയാണ് ഉണ്ടായത്.  ഇതിനു പിന്നാലെ മൈക്കിള്‍ ഈശ്വര്‍ കേരള ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കലക്ടറുടെ നിലപാട് ശരിവെക്കുന്ന ഉത്തരവാണുണ്ടായത്. 
ദി ജനറല്‍ ക്ലോസസ് ആക്ട്, ദി ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്‌സ് ആക്ട്, ദി ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട്, ദി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, ദി ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, റിസര്‍വ് ബാങ്ക് സര്‍ക്കുലറുകള്‍, ഇംഗ്ലണ്ടിലെ ദത്തെടുപ്പു നിയമങ്ങള്‍ എന്നിവയും പരിശോധിച്ചാണ് ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതാണെന്നു ജില്ലാ കലക്ടര്‍ കണ്ടെത്തിയത്. അവകാശികള്‍ ഇല്ലാതിരുന്ന വാന്‍ ഇംഗന്‍ വില്‍പത്രം എഴുതാതെയാണ് മരിച്ചതെന്നും രേഖകളുടെ പരിശോധനയില്‍ കലക്ടര്‍ക്ക് ബോധ്യമായിരുന്നു. വയനാട്ടില്‍ ആദ്യമായാണ് ഇത്രയധികം സ്ഥലം അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമപ്രകാരം സര്‍ക്കാര്‍ ഉടമസ്ഥതയിലായത്. 

Latest News